

ടെക്സ്റ്റൈല്‍ മേഖലയ്ക്ക് ഇത് ആശ്വാസത്തിന്റെ പുതുവര്‍ഷം. തീരുവ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഡിസംബര്‍ പാദത്തില്‍ പരുത്തി ഇറക്കുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഇറക്കുമതി 158% ഉയര്‍ന്ന് 3.1 ദശലക്ഷം ബെയ്ലുകളായി. പരുത്തി കയറ്റുമതിയില്‍ സാധാരണയായി ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് അളവുകോല്‍ ആണ്
ബെയ്ല്‍. ഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരുത്തി ഇറക്കുമതിയെ 11% തീരുവയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാക്കളായ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഗുണമേന്മയേറിയ പരുത്തി സ്ഥിരമായി ലഭിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ടെക്‌സ്‌റ്റൈല്‍ വ്യവസായം, 45 ദശലക്ഷത്തിലധികം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ എടുത്തു മാറ്റിയത്. ആവശ്യകതയും ലഭ്യതയും തമ്മില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്ന വിടവ് പരിഗണിച്ച് സര്‍ക്കാര്‍ പരുത്തിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയത് 2025 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. നൂല്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യവസായത്തിന്റെ എല്ലാ തലങ്ങളിലെയും ഉല്പാദനച്ചെലവുകള്‍ സ്ഥിരപ്പെടുത്താന്‍ ഇത് സഹായകമായി. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ഇത് വിദേശ വാങ്ങലുകള്‍ക്ക് ആക്കം കൂട്ടി. ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി ആഗോള വിലകളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ വിളനാശം വര്‍ദ്ധിക്കുന്നത് പ്രാദേശിക വിലകളെ ബാധിച്ചേക്കാം.
ഒക്ടോബര്‍ 1 ന് ആരംഭിച്ച 2025-26 വിള വര്‍ഷത്തില്‍ ഇന്ത്യയുടെ പരുത്തി ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22% വര്‍ദ്ധിച്ച് 5 ദശലക്ഷം ബെയ്ലുകളായി ഉയരുമെന്ന് മുംബൈ ആസ്ഥാനമായുള്ള കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കണക്കാക്കി. കഴിഞ്ഞ വര്‍ഷം യുഎസ്, ബ്രസീല്‍, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി റെക്കോര്‍ഡ് 4.1 ദശലക്ഷം ബെയ്ലിലെത്തി. ഈ സീസണിലെ പരുത്തി വിളവെടുപ്പിനുള്ള അനുമാനം വ്യവസായ സംഘടന 31.7 ദശലക്ഷം ബെയ്ലായി ഉയര്‍ത്തി. മുന്‍ പ്രവചനം 30.95 ദശലക്ഷം ബെയ്ലുകളായിരുന്നു. പ്രധാനമായും പടിഞ്ഞാറന്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലും തെക്കന്‍ സംസ്ഥാനമായ തെലങ്കാനയിലും ടെക്‌സ്റ്റെല്‍ ഉല്‍പ്പാദനം ഉയര്‍ന്നിട്ടുണ്ട്.

ഇറക്കുമതി തീരുവ എടുത്തു മാറ്റിയത് ഉല്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആശ്വാസമേകി. തന്ത്രപരമായ ഈ ഇടപെടല്‍ ആഭ്യന്തര പരുത്തി കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തുണിത്തര മേഖല ആഗോളതലത്തില്‍ മത്സരക്ഷമമായി തുടരുന്നുവെന്ന് ഉറപ്പാക്കി. ഇറക്കുമതി ചെയ്യുന്ന പരുത്തിയില്‍ ഭൂരിഭാഗവും പ്രത്യേക വ്യാവസായിക ആവശ്യങ്ങള്‍ക്കോ ബ്രാന്‍ഡുമായി ബന്ധപ്പെട്ട കയറ്റുമതി കരാറുകള്‍ക്കോ വേണ്ടിയായതിനാല്‍ ഇത് ആഭ്യന്തര പരുത്തിയുടെ ഉപയോഗത്തെ ബാധിക്കുന്നില്ല.
ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമുള്ള വിദേശ ആവശ്യം ദുര്‍ബലമായതിനാല്‍, 2025-26 വിള വര്‍ഷത്തില്‍ പരുത്തി ഉപഭോഗം 2.9% കുറഞ്ഞ് 30.5 ദശലക്ഷം ബെയ്ലുകളായി കുറയുമെന്നാണ് ഇന്ത്യന്‍ കോട്ടണ്‍ അസോസിയേന്റെ പ്രവചിക്കുന്നു. ഇന്ത്യയുടെ 3800 കോടി ഡോളറിന്റെ വാര്‍ഷിക തുണിത്തര കയറ്റുമതിയുടെ ഏകദേശം 29% എടുക്കുന്ന യുഎസ്, ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി 50% ആയി ഉയര്‍ത്തിയിരുന്നു.
Content Highlights: Cotton imports increased significantly during the December quarter following the removal of import duties