

വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മുംബൈ ഇന്ത്യൻസ്-യുപി വാരിയേഴ്‌സ് പോരാട്ടം ഇന്ത്യൻ ബാറ്റർ ഹര്‍ലീന്‍ ഡിയോളിന്റെ മധുരപ്രതികാരത്തിന്റെത് കൂടിയായിരുന്നു.
മത്സരത്തിൽ 20 ഓവറിൽ മുംബൈ ഉയർത്തിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് യുപി മറികടക്കുമ്പോൾ, യുപിയുടെ ടോപ് സ്കോററായത് ഹർലീൻ ഡിയോളായിരുന്നു. വെറും 39 പന്തിൽ 12 ഫോറുകൾ അടക്കം 64 റൺസാണ് താരം പുറത്താകാതെ നേടിയത്.
ഡിയോളിന്റെ മികവ് ഒന്ന് കൊണ്ടുമാത്രമാണ് ശക്തരായ മുംബൈയെ യുപിക്ക് തോൽപ്പിക്കാൻ പറ്റിയതും തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം സീസണിലെ ആദ്യ ജയമെന്ന മധുരം നുണക്കാനായതും.
അതേ സമയം ഇതിനെ ഒരു മധുരപ്രതികാരമെന്ന് പറയാൻ ഒരു കാരണമുണ്ട്. ഇന്നലെ നടന്ന -ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ 36 പന്തില്‍ 47 റൺസുമായി ക്രീസില്‍ നിന്ന ഡിയോളിനോട് പരിശീലകന്‍ അഭിഷേക് നായര്‍ റിട്ടയേര്‍ഡ് ഔട്ടായി കയറിവരാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെയുള്ളപ്പോൾ അതും ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റിൽ കളിക്കുമ്പോൾ കോച്ച് തിരിച്ചുവിളിച്ചത് ആദ്യം വിശ്വസിക്കാനാവാതിരുന്ന ഹര്‍ലീന്‍ എന്നോടാണോ എന്ന് ഡഗ് ഔട്ടിലേക്ക് വിരല്‍ചൂണ്ടി ചോദിക്കുന്നതും കാണാമായിരുന്നു. നിരാശ പരസ്യമാക്കിയാണ് ഹര്‍ലീൻ ഒടുവില്‍ തിരിച്ചു കയറിപ്പോയത്.
എന്നാല്‍ ഹര്‍ലീനെ തിരിച്ചുവിളിച്ച് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി അഭിഷേക് ക്രീസിലേക്ക് അയച്ച ട്രയോണിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് പന്ത് നേരിട്ട ട്രയോണ്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഹര്‍ലീന്‍ റിട്ടയേര്‍ഡ് ഔട്ടായശേഷം 18 പന്തില്‍ 13 റണ്‍സ് മാത്രമാണ് യുപി വാരിയേഴ്സിന് നേടാനായത്.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. ഒരുപക്ഷെ ഹർലീൻ അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്നെങ്കിൽ യുപിക്ക് ഇന്നലത്തെ മത്സരവും ജയിക്കാമായിരുന്നു.
'ചിലപ്പോൾ ശരിയാകും, ചിലപ്പോൾ ശരിയാകില്ല എന്നായിരുന്നു ഡിയോളിനെ നിർബന്ധിത റിട്ടയേഡ് ഔട്ടാക്കിയതിനെ ന്യായീകരിച്ച് യുപി മെന്റർ ലിസ സ്റ്റാലേക്കർ ഇന്നലെ മത്സര ശേഷം പറഞ്ഞത്.
താനും കോച്ച് അഭിഷേക് നായരും ക്യാപ്റ്റൻ മെഗ് ലാനിങ്ങും ചേർന്നു തന്നെയാണ് തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു. ഏതായാലും മറ്റൊരു വെടിക്കെട്ട് ഇന്നിങ്‌സിലൂടെ തന്നെ സംശയിച്ചവർക്ക് മറുപടി കൊടുത്തിരിക്കുകയാണ് ഹർലീൻ ഡിയോൾ.
content Highlights: Yesterday, humiliated by being retired; today, he gave first victory, Harleen deol