

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. സിനിമയ്ക്ക് പ്രദർശാനുമതി ലഭിച്ചെങ്കിലും ചിത്രത്തിന് സെൻസർ ബോർഡ് 25 മാറ്റങ്ങളാണ് നിർദേശിച്ചത്.
ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. എന്നാൽ സിനിമയിൽ ഹിന്ദി എന്ന വാക്ക് മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിൽ ഇനി എന്തെങ്കിലും കാണാൻ ഉണ്ടോ? എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സെൻസർ ബോർഡ് കാടുപിടിത്തം പിടിക്കുന്നതിന് വലിയ രീതിയിലുള്ള വിമർശനങ്ങളും നിറയുന്നുണ്ട്.
യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 42 മിനിട്ടാണ് സിനിമയുടെ റൺ ടൈം. നാളെ തന്നെ ചിത്രം പുറത്തിറങ്ങും. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങുകൾ എല്ലായിടത്തും ഉടനെ ആരംഭിക്കും. രാവിലെ 9 മണി മുതലാണ് പരാശക്തിയുടെ ഷോ തമിഴ്നാട്ടിൽ ആരംഭിക്കുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
Content Highlights: The censor certificate details of Parashakti have come out, revealing that the film was subjected to 25 cuts. Additionally, the word ‘Hindi’ has been muted in certain portions of the movie. The certification has sparked discussions online, with audiences and industry observers debating the censor board’s decisions.