

സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹത്തെകുറിച്ച് മൗനം വെടിഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹം റദ്ദാക്കിയെന്ന് സ്മൃതി ആദ്യമായി സ്ഥിരീകരിച്ചു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി മന്ദാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും കൂടുതൽ ട്രോഫികള്‍ സ്വന്തമാക്കുകയുമാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം മുന്നോട്ട് പോകാന്‍ സമയമായെന്നും കുറിച്ചിട്ടു. ഇതിനുപിന്നാലെ പലാഷിനെ ഇൻസ്റ്റഗ്രാമിൽ നിന്ന് സ്മൃതി മന്ദാന അൺഫോളോ ചെയ്തിട്ടുമുണ്ട്.
സ്മൃതി മന്ദാനയും പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതിനെത്തുടർന്ന് പലതരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുന്നതിനിടെയാണ് താരം ഔദ്യോഗികമായി പ്രതികരിച്ച് രംഗത്തെത്തിയത്. വിവാഹം ഉടനെ നടക്കുമെന്ന് പലാഷിന്റെ കുടുംബവും പ്രതികരിച്ചിരുന്നു. എന്നാൽ സ്മൃതി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.
വിവാഹദിനം തന്നെ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് വിവാഹം മാറ്റിവച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും പിന്നാലെ സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് കാരണമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. പലാഷുമായുള്ള സ്വകാര്യ ചാറ്റുകൾ മേരി ഡി കോസ്റ്റ എന്ന യുവതി പുറത്തുവിട്ടത് അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി.
വിവാഹം മാറ്റിവച്ചതിന് പിന്നാലെ പലാഷുമൊത്തുള്ള വീഡിയോകൾ സ്മൃതി സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതിനു പുറമേയാണ് പലാശിന്റേതെന്ന പേരിൽ ചില ചാറ്റുകളും സ്ക്രീൻഷോട്ടുകളും പ്രചരിച്ചത്. പുതുക്കിയ വിവാഹതീയതിയെ കുറിച്ച് ഇരുകുടുംബങ്ങളും പ്രതികരിക്കാതെ കൂടി വന്നതോടെ സ്മൃതിയും പലാഷും തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കില്ലെന്നും അഭ്യൂഹങ്ങളുയർന്നു.
Content Highlights: 'Like to end it here'; Smriti Mandhana cancels wedding with Palash Muchhal