

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടു. മകളുടെ വിവാഹദിവസം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീനിവാസിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ സര്‍വ്ഹിത് ആശുപത്രിയിലാണ് ശ്രീനിവാസ് മന്ദാനയെ പ്രവേശിപ്പിച്ചത്.
അതേസമയം സ്മൃതി മന്ദാനയും പലാഷ് മുച്ചലുമായുള്ള വിവാഹത്തെ കുറിച്ച് മൗനം തുടരുകയാണ്. പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ പലാഷുമായുള്ള സ്മൃതി മന്ദാനയുടെ വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. പുതിയ വിവാഹ തീയതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇരുകുടുംബങ്ങളും ഇതുവരെ നല്‍കിയിട്ടില്ല.
നവംബർ 23ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു സ്മൃതിയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹദിനം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയെ ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസിന് ഹൃദയാഘാതമുണ്ടായെന്ന് സ്ഥിരീകരിച്ചിരുന്നു. കല്യാണ തയ്യാറെടുപ്പുകളെ തുടർന്നുണ്ടായ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണമെന്ന് സാംഗ്ലിയിലെ സർവ്ഹിത് ആശുപത്രി ഡയറക്ടർ ഡോക്ടർ നമൻ ഷാ വ്യക്തമാക്കുകയും ചെയ്തു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ശ്രീനിവാസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ശ്രീനിവാസ് മന്ദാന ആശുപത്രിയിലായിരിക്കെ പലാഷ് മുച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഇൻഫക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പലാഷിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചുതുടങ്ങിയിരിക്കുകയാണ്. സ്മൃതി മന്ദാനയുടെ വിവാഹം നിര്‍ത്തിവെക്കാന്‍ കാരണം വരന്‍ പലാഷ് മുച്ചലിന്റെ മറ്റൊരു പ്രണയബന്ധമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. മേരി ഡി കോസ്റ്റ എന്ന ഇന്‍സ്റ്റഗ്രാം ഐഡി പുറത്തുവിട്ടെന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പലാഷിന്റെ ചാറ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. ഇതിനിടെ പലാഷുമായുള്ള വിവാഹത്തോട് അനുബന്ധിച്ചുള്ള എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സ്മൃതി മന്ദാന ഡിലീറ്റ് ചെയ്തതും അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയിട്ടുണ്ട്.
Content Highlights: Smriti Mandhana’s father back home from hospital