നായ കടിക്കുന്നത് വലിയ കാര്യമാക്കേണ്ടെന്ന് നടി, ആഢംബരക്കാറിൽ നടക്കുന്നവർക്ക് എന്തും പറയാമെന്ന് വിമർശനം

'പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം'

നായ കടിക്കുന്നത് വലിയ കാര്യമാക്കേണ്ടെന്ന് നടി, ആഢംബരക്കാറിൽ നടക്കുന്നവർക്ക് എന്തും പറയാമെന്ന് വിമർശനം
dot image

നടി നിവേദ പെതുരാജിൻ്റെ വാക്കുകൾ വൈറലാകുകയാണ്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കേണ്ടതില്ലെന്നും അതിന്റെ പേരിൽ ഭയം ജനിപ്പിക്കരുതെന്നും നടി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ ആരോടും പോയി അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത് എന്നും നിവേദ പറഞ്ഞു. ചെന്നൈയിൽ നടന്ന തെരുവ് നായ്ക്കളുടെ സംരക്ഷണ റാലിയിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത്. അവബോധം, കാരുണ്യം, വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്', നിവേദയുടെ വാക്കുകൾ.

എന്നാൽ നടിയുടെ വാക്കുകൾക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ദുബൈയിൽ ഏസി റൂമിൽ താമസിക്കുന്ന നടിക്ക് ഇന്ത്യയിലെ പ്രശ്നങ്ങൾ മനസിലാകില്ലെന്നും എക്സിൽ പോസ്റ്റുമായി ചിലർ എത്തി. 'ആഢംബര കാറിൽ സഞ്ചരിക്കുന്ന നടിക്ക് റോഡിലൂടെ നടന്നു പോകുന്ന സാധാരണ ജനങ്ങളുടെ പ്രശ്നം മനസിലാകില്ല. രാത്രിയായാൽ റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്', എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. 'മിക്ക ആളുകളും സ്കൂൾ, ജോലിസ്ഥലം, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് നടന്നാണ് പോകുന്നത്. പുറത്ത് കളിക്കുന്ന കുട്ടികളുണ്ട്. പൊതു ഇടങ്ങൾ ആദ്യം മനുഷ്യർക്ക് സുരക്ഷിതമായിരിക്കണം' എന്നാണ് മറ്റൊരു കമന്റ്.

Content Highlights: nivetha pethuraj gets trolled for her statement on stray dogs

dot image
To advertise here,contact us
dot image