'ട്രാവിസ് ​ഹെഡ് ഒരു ട്രെയിൻ പോലെ കുതിക്കുമ്പോൾ, തടയാൻ പ്രയാസമാണ്': ബെൻ സ്റ്റോക്സ്

'ഹെഡിനെതിരെ ഇം​ഗ്ലണ്ട് ടീം മൂന്നോ നാലോ വ്യത്യസ്ത പ്ലാനുകൾ പരീക്ഷിച്ചു'

'ട്രാവിസ് ​ഹെഡ് ഒരു ട്രെയിൻ പോലെ കുതിക്കുമ്പോൾ, തടയാൻ പ്രയാസമാണ്': ബെൻ സ്റ്റോക്സ്
dot image

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇം​ഗ്ലണ്ട് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനെ പ്രശംസിച്ചുകൊണ്ടാണ് ബെൻ സ്റ്റോക്സിന്റെ പ്രതികരണം. ഒരു ട്രെയിൻ പോലെ ഹെഡ് കുതിക്കുമ്പോൾ, തടയാൻ പ്രയാസമാണെന്ന് ഇം​ഗ്ലണ്ട് ക്യാപ്റ്റൻ പ്രതികരിച്ചു.

'ശരിക്കും ഇം​ഗ്ലണ്ട് ടീം ഒന്ന് ഞെട്ടി. ഹെഡിന്റെ പ്രകടനം അവിശ്വസനീയം തന്നെ. അതൊരു മികച്ച ഇന്നിംഗ്സായിരുന്നു. ക്രീസിൽ നിലയുറച്ച ഓസ്ട്രേലിയൻ താരങ്ങൾ ആത്മവിശ്വാസത്തോടെ കളിച്ചു. ശരിക്കും ട്രാവിസ് ഹെഡ് ഇം​ഗ്ലണ്ട് ടീമിന്റെ കരുത്തിനെ ചോർത്തിക്കളഞ്ഞു. ഇം​ഗ്ലണ്ട് ബൗളർമാർ സമ്മർദ്ദത്തിലായതോടെ ഓസീസ് അനായാസം മുന്നേറി,' സ്റ്റോക്സ് പ്രതികരിച്ചു.

'ഹെഡിനെതിരെ ഇം​ഗ്ലണ്ട് ടീം മൂന്നോ നാലോ വ്യത്യസ്ത പ്ലാനുകൾ പരീക്ഷിച്ചു. പക്ഷേ ഹെഡ് ഒരു ട്രെയിൻ പോലെ കുതിക്കുമ്പോൾ തടയാൻ വളരെ ബുദ്ധിമുട്ടാണ്. ഒന്നാം ദിവസം ഇം​ഗ്ലണ്ട് താരങ്ങൾ നന്നായി പന്തെറി‍ഞ്ഞത് പോസിറ്റീവായ കാര്യമാണ്,' സ്റ്റോക്സ് കൂട്ടിച്ചേർത്തു.

'തോൽവി കടുപ്പമേറിയതാണ്. കാരണം ഒരുഘട്ടത്തിൽ ഇം​ഗ്ലണ്ടിനായിരുന്നു മേൽക്കൈ. ഈ മത്സരത്തിലെ തോൽവിയെ അം​ഗീകരിക്കുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് ഒരുപാട് സമയമുണ്ട്. കൂടുതൽ കഠിനമായി പരിശീലനം നടത്തി ഇം​ഗ്ലണ്ട് ടീം തിരിച്ചുവരും,' സ്റ്റോക്സ് വ്യക്തമാക്കി.

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 172 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 132 റൺസിൽ അവസാനിച്ചു. 40 റൺസ് ലീഡോടെ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇം​ഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകർച്ച നേരിട്ടു. വെറും 164 റൺസിൽ ഇം​ഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. 205 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു.

Content Highlights: Ben Stokes says can't stop Head when he's going like a train

dot image
To advertise here,contact us
dot image