

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കുമ്പോൾ ഒരു ചരിത്ര നേട്ടത്തിനരികിലാണ് ഇന്ത്യൻ യുവ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഇതിഹാസ താരം എം എസ് ധോണിക്കൊപ്പം നിൽക്കുന്ന ചരിത്രമാണ് റിഷഭ് പന്ത് കുറിക്കാനൊരുങ്ങുന്നത്. ധോണിക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാകാൻ ഒരുങ്ങുകയാണ് റിഷഭ് പന്ത്.
സ്ഥിരം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ അഭാവത്തിലാണ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കാനൊരുങ്ങുന്നത്. ഒന്നാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതാണ് ശുഭ്മൻ ഗില്ലിന് രണ്ടാം മത്സരം നഷ്ടമാകാൻ കാരണം. ഗില്ലിനൊപ്പം ഓൾറൗണ്ടർ അക്സർ പട്ടേലും ഇന്ത്യൻ നിരയിൽ കളിച്ചേക്കില്ല. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരാണ് കളിച്ചത്. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ സ്പിൻ നിരയിൽ നിന്നും ഇന്ത്യ അക്സർ പട്ടേലിനെ ഒഴിവാക്കും. ഇതോടെ സായി സുദർശൻ ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. പരിക്കേറ്റ ഗില്ലിന്റെ ഒഴിവിൽ നിതീഷ് കുമാർ റെഡ്ഡിയും കളിക്കും.
നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി.
Content Highlights: Rishabh Pant On Verge Of Joining Dhoni In Elite List