

നല്ല തണുപ്പത്ത് പുതച്ചുമൂടി കിടന്ന് ഉറങ്ങാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? പക്ഷേ കാര്യം അതല്ല നിങ്ങള്‍ക്ക് വെളിച്ചത്ത് ഉറങ്ങാനാണോ അതോ ഇരുട്ടത്ത് ഉറങ്ങാനാണോ ഇഷ്ടം എന്നതാണ്. എന്നാല്‍ ലൈറ്റ് ഇട്ട് ഉറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പുതിയ ഗവേഷണപ്രകാരം രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പറയുന്നത്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കൃത്രിമ വെളിച്ചം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടുപിടിക്കുന്നതിനായി നൂതന ബ്രയിന്‍ ഇമേജിംഗ് സാങ്കേതിക വിദ്യകളെയും, പാരിസ്ഥിതിക ഘടകങ്ങളെയും ആശ്രയിച്ചാണ് പഠനം നടത്തിയത്. രാത്രികാലത്ത് കൃത്രിമ വെളിച്ചം തലച്ചോറിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും ഹൃദ്രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കാനും കാരണമാകുന്നുവെന്ന് ഗവേഷണത്തില്‍ കണ്ടെത്തി.

വായൂ മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ നാഡികളെയും രക്തക്കുഴലുകളെയും ബാധിക്കുകയും ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ പ്രകാശ മലിനീകരണം എങ്ങനെയാണ് ഹൃദ്രാഗത്തിന് കാരണമാകുന്നതെന്ന് മനസിലാക്കാന്‍ 2005 നും 2018നും ഇടയില്‍ ശരാശരി 55 വയസ് പ്രായമുള്ള 466 ആരോഗ്യമുളള മുതിര്‍ന്നവരെ പഠനത്തിന് വിധേയരാക്കുകയും അവരുടെ ഡേറ്റ പരിശോധിക്കുകയും ചെയ്യുകയായിരുന്നു. എല്ലാവരെയും PET/CT സ്‌കാനുകള്‍ക്ക് വിധേയരാക്കി. രാത്രിയില്‍ ഇവരുടെ വീടുകളിലെ കൃത്രിമ വെളിച്ചത്തിന്റെ അളവ് അളന്നു. ഇവരുടെ ഹൃദയസംബന്ധമായ പ്രധാന സംഭവങ്ങള്‍ ട്രാക്ക് ചെയ്യുകയുകയും ചെയ്തു. 10 വര്‍ഷത്തെ പഠനത്തില്‍ പങ്കെടുത്തവരില്‍ 17 ശതമാനംപേര്‍ക്ക് ഗുരുതരമായ ഹൃദയപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. രാത്രിയില്‍ ഉയര്‍ന്ന അളവിലുള്ള കൃത്രിമ വെളിച്ചത്തിന് വിധേയരായവരില്‍ തലച്ചോറിന്റെ സമ്മര്‍ദ്ദം വര്‍ധിക്കുകയും ധമനികളില്‍ വീക്കം വര്‍ധിക്കുന്നതും അറിയാന്‍ കഴിഞ്ഞു.

രാത്രികാല വെളിച്ചം ഏല്‍ക്കുന്നത് അല്‍ഷിമേഴ്‌സ് രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍പ് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. കൃത്രിമ വെളിച്ചം ശരീരത്തിന്റെ സര്‍ക്കാര്‍ഡിയന്‍ താളത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
Content Highlights :Do you sleep with the light on? But it's good to know some things.