

ഗായികയായും അഭിനേത്രിയായും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചയാളാണ് ആൻഡ്രിയ ജെറമിയ. തമിഴിന് പുറമെ മലയാളത്തിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, ലോഹം തുടങ്ങിയ മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷമാണ് ആൻഡ്രിയ അവതരിപ്പിച്ചത്. ഇപ്പോഴിതാ മലയാളം സിനിമകളെക്കുറിച്ച് ആൻഡ്രിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'മലയാളത്തിൽ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം ഗംഭീരമാണ്. എനിക്ക് മലയാളം അറിയാമായിരുന്നു എങ്കിൽ ഞാൻ അവിടെപ്പോയി അഭിനയിച്ച് അവിടെ തന്നെ സെറ്റിൽ ആയേനെ', എന്നാണ് ആൻഡ്രിയയുടെ വാക്കുകൾ. തന്റെ പുതിയ ചിത്രമായ മാസ്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു താരം. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിൽ ആൻഡ്രിയ അവതരിപ്പിച്ച അന്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളും കയ്യടി വാങ്ങിയിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം കാഴ്ചവെച്ചിരുന്നു.

അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് നവംബർ 21ന് തിയേറ്ററുകളിലെത്തും. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റാണ്.
Content Highlights: Andrea about Malayalam industry