രഞ്ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിനെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം ശക്തമായ നിലയിൽ

മൂന്നാം ദിവസം കളി തുടങ്ങുമ്പോൾ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു മധ്യപ്രദേശിൻ്റെ പ്രതീക്ഷ

രഞ്ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിനെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം ശക്തമായ നിലയിൽ
dot image

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. 89 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ ആകെ 315 റൺസിൻ്റെ ലീഡുണ്ട്. നേരത്തെ മധ്യപ്രദേശിൻ്റെ ആദ്യ ഇന്നിങ്സ് 192 റൺസിന് അവസാനിച്ചിരുന്നു. കേരളം ആദ്യ ഇന്നിങ്സിൽ 281 റൺസായിരുന്നു നേടിയത്.

മൂന്നാം ദിവസം കളി തുടങ്ങുമ്പോൾ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു മധ്യപ്രദേശിൻ്റെ പ്രതീക്ഷ. എന്നാൽ ഏദൻ ആപ്പിൾ ടോമിൻ്റെ ഇരട്ടപ്രഹരം തുടക്കത്തിൽ തന്നെ അവരുടെ പ്രതീക്ഷകൾ തകർത്തു. നാലാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ ആര്യൻ പാണ്ഡെയെയും മൊഹമ്മദ് അർഷദ് ഖാനെയും ഏദൻ എൽബിഡബ്ല്യുവിൽ കുടുക്കി. 36 റൺസായിരുന്നു ആര്യൻ നേടിയത്. ഇന്നലെയും ഏദൻ തുടരെയുള്ള രണ്ട് പന്തുകളിൽ രണ്ട് വിക്കറ്റ് നേടിയിരുന്നു. ശുഭം ശർമ്മയെയും ഹർപ്രീത് സിങ്ങിനെയുമായിരുന്നു അടുത്തടുത്ത പന്തുകളിൽ എൽബിഡബ്ല്യുവിൽ കുടുക്കിയത്.

തുടർന്നെത്തിയ കുമാർ കാർത്തികേയയ്ക്കും കുൽദീപ് സിങ്ങിനുമൊപ്പം ചേർന്ന് സരൻഷ് ജെയിൻ ലീഡിനായി പൊരുതിയെങ്കിലും അധിക നേരം പിടിച്ചു നില്ക്കാനായില്ല. കുമാർ കാർത്തികേയയെ ശ്രീഹരി എസ് നായർ പുറത്താക്കിയപ്പോൾ 67 റൺസെടുത്ത സരൻഷ് ജെയിൻ, നിധീഷിൻ്റെ പന്തിൽ പുറത്തായി. 192 റൺസിന് മധ്യപ്രദേശിൻ്റെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം നാലും നിധീഷ് എം ഡി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. കുമാർ കാർത്തികേയയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് ഏഴ് റൺസെടുത്ത രോഹൻ മടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ജെ നായരും സച്ചിൻ ബേബിയും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 30 റൺസെടുത്ത അഭിഷേകിനെ കുൽദീപ് സെൻ പുറത്താക്കി. തൊട്ടു പിറകെ രണ്ട് റൺസുമായി ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും മടങ്ങി. സരൻഷ് ജെയിനിൻ്റെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് അസറുദ്ദീൻ പുറത്തായത്.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് മത്സരം കേരളത്തിൻ്റെ വരുതിയിലാക്കി. ഇരുവരും ചേർന്ന് ഇത് വരെ 144 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ സച്ചിൻ ബേബി 85ഉം ബാബ അപരാജിത് 89ഉം റൺസുമായി ക്രീസിലുണ്ട്.

Content Highlights: Kerala in strong form against Madhya Pradesh in Ranji Trophy cricket

dot image
To advertise here,contact us
dot image