'സഹതാരങ്ങളെ തല്ലാൻ ഞാനെന്താ ഹർമൻപ്രീത് കൗറോ?'; പരിഹാസവുമായി ബം​ഗ്ലാദേശ് വനിത ടീം ക്യാപ്റ്റൻ

ബംഗ്ലാദേശ് വനിത ടീം ക്യാപ്റ്റൻ ജൂനിയർ താരങ്ങളെ പതിവായി ആക്രമിക്കാറുണ്ടെന്ന ജഹനാര ആലത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു നിഗർ സുൽത്താന

'സഹതാരങ്ങളെ തല്ലാൻ ഞാനെന്താ ഹർമൻപ്രീത് കൗറോ?'; പരിഹാസവുമായി ബം​ഗ്ലാദേശ് വനിത ടീം ക്യാപ്റ്റൻ
dot image

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ പരിഹാസവുമായി ബംഗ്ലാദേശ് വനിത ടീം ക്യാപ്റ്റൻ നി​ഗർ സുൽത്താന ജോതി. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പേസ് ബൗളർ ജഹനാര ആലം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയതാണ് നി​ഗർ സുൽത്താന. ബംഗ്ലാദേശ് വനിത ടീം ക്യാപ്റ്റൻ ജൂനിയർ താരങ്ങളെ പതിവായി ആക്രമിക്കാറുണ്ടെന്നായിരുന്നു ജഹനാര ആലത്തിന്റെ ആരോപണം.

'ജോതി ടീമിലെ ജൂനിയർ താരങ്ങളെ ഒരുപാട് ഉപദ്രപിക്കാറുണ്ട്. ഇതൊരു പുതിയ കാര്യമല്ല. ലോകകപ്പിനിടയിൽ പോലും ജോതിയുടെ ഉപദ്രപം സഹതാരങ്ങൾ നേരിട്ടു. ടീമിലെ ചില താരങ്ങളാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ജോതി ജൂനിയർ താരങ്ങളെ മുറിയിലേക്ക് വിളിച്ച് വരുത്തുകയും അവരെ ഉപദ്രപിക്കുകയും ചെയ്യും.' രണ്ടാഴ്ച മുമ്പ് ജഹനാര ഒരു ബംഗ്ലാദേശ് ദിനപത്രത്തോട് പ്രതികരിച്ചിരുന്നു.

ജഹനാരയുടെ ആരോപണങ്ങൾക്ക് മറുപടി പറയുന്നതനിടെയാണ് നി​ഗർ സുൽത്താന ജോതി ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ പരിഹസിച്ചത്. ‌'ഞാനെന്തിന് മറ്റു താരങ്ങളെ ഉപദ്രപിക്കണം?, അതായത്, ഞാൻ എന്തിനാണ് സ്റ്റമ്പിൽ ബാറ്റുകൊണ്ട് അടിക്കുന്നത്? അങ്ങനെ ചെയ്യാൻ ഞാൻ ഹർമൻപ്രീത് ആണോ?, എന്റെ സ്വകാര്യ സമയങ്ങളിൽ, അതായത് ഭക്ഷണം പാചകം ചെയ്യുകയാണെങ്കിൽ, ഒരുപക്ഷേ ഞാൻ ബാറ്റുകൊണ്ട് എവിടെയെങ്കിലും അടിച്ചേക്കാം, ചിലപ്പോൾ ഹെൽമറ്റിൽ അടിച്ചേക്കാം. അത് എന്റെ വ്യക്തിപരമായ കാര്യമാണ്.' ഡെയ്ലി ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ നിഗർ സുൽത്താന പ്രതികരിച്ചു.

'എന്നാൽ ഞാനൊരിക്കലും മറ്റൊരാളെ ഉപദ്രപിക്കാറില്ല. എന്തിനാണ് ഞാൻ ഒരാളെ ഉപദ്രപിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ സത്യമാകുമോ?, നിങ്ങൾക്ക് മറ്റു താരങ്ങളോട് ചോദിക്കാം. എപ്പോഴെങ്കിലും ഞാൻ ആരെയെങ്കിലും ഉപദ്രപിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാം,' നി​ഗർ സുൽത്താന വ്യക്തമാക്കി.

2023ലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന ഏകദിന പരമ്പരയ്ക്കിടെയുണ്ടായ സംഭവമാണ് നി​ഗർ സുൽത്താന അഭിമുഖത്തിൽ പ്രതിപാദിച്ചത്. അന്നത്തെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ, വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായ ഹർമൻപ്രീത് ബാറ്റ് ഉപയോഗിച്ച് സ്റ്റമ്പിൽ അടിച്ചിരുന്നു. പിന്നീട് മത്സരശേഷം അമ്പയറിങ് മോശമെന്നും ഹർമൻപ്രീത് തുറന്നടിച്ചു. പരമ്പര സമനിലയായിനാൽ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങൾ സംയുക്തമായാണ് ഫോട്ടോയ്ക്ക് നിൽക്കേണ്ടത്. എന്നാൽ ബം​ഗ്ലാദേശ് താരങ്ങളോട് അംപയർമാരെ കൂടെ വിളിക്കാൻ ഹർമൻപ്രീത് പരിഹാസത്തോടെ ആവശ്യപ്പെട്ടു. തുടർന്ന് ബം​ഗ്ലാദേശ് താരങ്ങൾ ഫോട്ടോ സെഷൻ ബഹിഷ്കരിക്കുകയും ചെയ്തു.

അതിനിടെ 32കാരിയായ ജഹനാര ആലം ബം​ഗ്ലാദേശ് ക്രിക്കറ്റിലെ പരിശീലകർക്കും സെലക്ടർമാർക്കുമെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച് പലതവണ രംഗത്തുവന്നിരുന്നു. 2022ലെ വനിതാ ലോകകപ്പിനിടെ മുൻ വനിതാ വിഭാഗം സെലക്ടറും മാനേജരുമായ മഞ്ജുരുൾ ഇസ്‌ലാം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ജഹനാര ആലം രണ്ടാഴ്ച മുമ്പ് ആരോപിച്ചിരുന്നു. നിലവിൽ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന ജഹനാര ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.

Content Highlights: Bangladesh Captain Breaks Silence On Physical Assault Allegations

dot image
To advertise here,contact us
dot image