ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ടീമിന് പുറത്ത്, രണ്ടാം ടെസ്റ്റിന് മുമ്പ് ടീമിൽ തിരിച്ചെത്തി നിതീഷ് കുമാർ റെഡ്ഡി

നവംബർ 22 മുതൽ 26 വരെ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക

ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ടീമിന് പുറത്ത്, രണ്ടാം ടെസ്റ്റിന് മുമ്പ് ടീമിൽ തിരിച്ചെത്തി നിതീഷ് കുമാർ റെഡ്ഡി
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മടങ്ങിയെത്തി ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ടീമിൽ നിന്ന് നിതീഷ് റെഡ്ഡിയെ റിലീസ് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാനാണ് നിതീഷിനെ റിലീസ് ചെയ്തത്. എന്നാൽ കൊൽക്കത്തയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന് പരിക്കേറ്റതാണ് നിതീഷ് കുമാർ റെഡ്ഡിയെ വീണ്ടും ദേശീയ ടീമിലേക്ക് വിളിക്കാൻ കാരണമായത്.

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 37 റൺസും ഒരു വിക്കറ്റും നിതീഷ് റെഡ്ഡി നേടിയിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിൽ താരം കളിച്ചെങ്കിലും ബാറ്റിങ്ങോ ബൗളിങ്ങോ ചെയ്തില്ല. ഇന്നലെ കൊൽക്കത്തിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന നിതീഷ് റെഡ്ഡി പരിശീലനത്തിന് ഇറങ്ങിയില്ല. നാളെ രാത്രിയിൽ ഇന്ത്യൻ ടീമിനൊപ്പം നിതീഷ് രണ്ടാം ടെസ്റ്റ് നടക്കുന്ന ​ഗുവാഹത്തിയിലേക്ക് യാത്രയാകും.

പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലും ടീമിനൊപ്പം യാത്ര ചെയ്യും. എന്നാൽ രണ്ടാം ടെസ്റ്റിൽ ​ഗിൽ കളിച്ചേക്കില്ല. ആദ്യ ടെസ്റ്റിനിടെ ​ഗില്ലിന്റെ കഴുത്തിന് പരിക്കേൽക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശുഭ്മൻ ​ഗിൽ കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ഇന്ത്യൻ ക്യാപ്റ്റനാകും. എന്നാൽ പിന്നാലെ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ആരാകുമെന്നതിലാണ് ആകാംഷ. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയിൽ വെച്ച് പരിക്കേറ്റിരുന്നു. ​ഗിൽ കളിച്ചില്ലെങ്കിൽ ഏകദിന ടീമിന് പുതിയ നായകനെ കണ്ടെത്തേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഈഡൻ ​ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി.

Content Hihglights: Nitish Reddy joins team in Guwahati as cover for injured Shubman Gill

dot image
To advertise here,contact us
dot image