

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് റിപ്പോർട്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്.
1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറായും വിധേയനിൽ വില്ലനായ ഭാസ്കര പട്ടേലർ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇതിൽ വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സംസ്ഥാന അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു.
2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. അതേസമയം തകഴിയുടെ പ്രസിദ്ധമായ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ജിതിൻ കെ ജോസ് ഒരുക്കുന്ന കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. നവംബർ 27നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ഒറ്റ ഷോട്ടിൽ മാത്രം മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ട്, മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ഈ ട്രെയ്‌ലർ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Mammootty-Adoor Gopalakrishnan to join for a new film