

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുമ്പിൽ വെച്ചിരിക്കുന്നത് 330 റൺസിന്റെ വിജയലക്ഷ്യമാണ്. നാലാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതിന് ശേഷമാണ് കേരളം മത്സരത്തിൽ പിന്നോട്ടുപോയത്.
സ്കോർ സൗരാഷ്ട്ര ആദ്യ ഇന്നിങ്സ് 147 റൺസ്, കേരളം ആദ്യ ഇന്നിങ്സിൽ 233 റൺസ്. സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസ് ഡിക്ലയർഡ്, കേരളം രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്.
മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എം ഡി നിതീഷിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്രയെ 147 എന്ന സ്കോറിലൊതുക്കാൻ കേരളത്തിന് സാധിച്ചു. മറുപടി ബാറ്റിങ്ങിൽ കേരളം ആദ്യ ഇന്നിങ്സിൽ 233 റൺസ് നേടി. രോഹൻ കുന്നുമ്മൽ 80, ബാബ അപരജിത്ത് 69, അങ്കിത് ശർമ 38 എന്നിങ്ങനെയാണ് കേരള നിരയിൽ പ്രകടനങ്ങൾ.
ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്രയെക്കാൾ 86 റൺസിന്റെ ലീഡ് കേരളത്തിനുണ്ടായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്ര നന്നായി തിരിച്ചടിച്ചു. 152 റൺസെടുത്ത ചിരാഗ് ജാനിയുടെ മികവിൽ എട്ടിന് 402 എന്ന സ്കോറിലെത്താൻ സൗരാഷ്ട്രയ്ക്ക് സാധിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി എംഡി നിതീഷ് നാല് വിക്കറ്റ് നേടി.
അവസാന ദിവസമായ ഇന്ന് കേരളത്തിന് മുന്നിൽ 80 ഓവറിൽ 330 എന്ന ലക്ഷ്യമാണ് സൗരാഷ്ട്ര നൽകിയിരിക്കുന്നത്. 20.3 ഓവർ ബാറ്റ് ചെയ്താണ് കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെടുത്തിരിക്കുന്നത്. അഞ്ച് റൺസെടുത്ത രോഹൻ കുന്നുമ്മലും 16 റൺസോടെ സച്ചിൻ ബേബിയും പുറത്തായി. അവശേഷിച്ച 60 ഓവറുകൾ പിടിച്ചുനിന്നാൽ കേരളത്തിന് പരാജയം ഒഴിവാക്കാം.
Content Highlights: Kerala fights back to avoid lost in Ranji Trophy