

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ നവംബർ മൂന്ന് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.
റിഷബ് ഷെട്ടി ചിത്രമായ കാന്താര ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 4.1 മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയത്. കഴിഞ്ഞ വാരം രണ്ടാം സ്ഥാനത്തായിരുന്ന കാന്താര വലിയ കുതിപ്പാണ് ഇത്തവണ നേടിയത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം തിയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ ലോക ആണ് ലിസ്റ്റിൽ രണ്ടാമത്. കഴിഞ്ഞ വാരം ഒന്നാം സ്ഥാനത്തെത്തിയ സിനിമ ഈ ആഴ്ച നേടിയത് നാല് മില്യൺ വ്യൂസ് ആണ്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ ഒക്ടോബർ 31 മുതൽ സ്ട്രീമിങ് ആരംഭിച്ചു. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
Top 5 most-watched films on OTT in India, for the week of Nov 3-9, 2025, estimated based on audience research
— Ormax Media (@OrmaxMedia) November 10, 2025
Note: Estimated number of Indian audience (in Mn) who watched at least 30 minutes. pic.twitter.com/SFrjEOasW5
തെലുങ്ക് ചിത്രം മിറൈ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 3.1 മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയത്. ജിയോഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും 91 കോടി നേടിയ സിനിമ ആഗോള തലത്തിൽ നിന്നും സ്വന്തമാക്കിയത് 150 കോടിക്കും മുകളിലാണ്. സിനിമയുടെ ആക്ഷൻ സീനുകൾക്കും കഥയ്ക്കും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മലയാളി താരം ജയറാമും സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാര്‍ത്തിക് ഗട്ടംനേനി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിബാബു കരണമാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.

ധനുഷ് നായകനായി എത്തിയ ഇഡ്ലി കടൈ ആണ് ഈ ലിസ്റ്റിലെ നാലാം സ്ഥാനത്തുള്ള ചിത്രം. 2.4 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
ടൈഗർ ഷ്‌റോഫ് ചിത്രമായ ഭാഗി 4 ആണ് അഞ്ചാം സ്ഥാനത്ത്. രണ്ട് മില്യൺ വ്യൂസ് നേടിയ സിനിമ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. മോശം പ്രതികരണം നേടിയ സിനിമ തിയേറ്ററിൽ പരാജയമായിരുന്നു.
Content Highlights: Ott release last week views list