

ഭക്ഷണം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാം. കഴിച്ചുകഴിഞ്ഞാല്‍ വയറുനുള്ളില്‍ ആകെ ഒരു ഉരുണ്ടുകയറ്റമാണ്. നെഞ്ചിലാണെങ്കില്‍ ആകെ ഒരു പുകച്ചിലും. ഇനി കഴിച്ചില്ലെങ്കിലോ അപ്പോഴും ഉണ്ടാകും ഗ്യാസിന്റെ പ്രശ്‌നങ്ങള്‍. അപ്പോള്‍ പിന്നെ എന്ത് ചെയ്യും. ഇത്തരത്തില്‍ അസിഡിറ്റിയും ഗ്യാസും കൊണ്ട് കഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്.
എന്താണ് അസിഡിറ്റി അല്ലെങ്കില്‍ ആസിഡ് റിഫ്‌ളസ് എന്ന് അറിയാമോ?
ദഹനനാളം ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ വയറിലെ ആസിഡുകള്‍ അന്നനാളത്തിലേക്കോ ഭക്ഷണനാളിയിലേക്കോ തിരികെ ഒഴുകാന്‍ തുടങ്ങും അപ്പോഴാണ് ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകുന്നത്. നെഞ്ചിന് താഴെയോ തൊണ്ടയിലോ എരിച്ചില്‍, ഗ്യാസ് പ്രശ്‌നങ്ങള്‍, ദഹനക്കേട്, വായ്‌നാറ്റം എന്നിവയൊക്കെ അനുഭവപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. മോശം ഭക്ഷണരീതി ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാണ്.

അമിതമായി ഭക്ഷണം കഴിക്കുക. പല സമയങ്ങളില്‍ ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക എന്നിവയൊക്കെയാണ് അസിഡിറ്റിയുടെ പ്രധാന കാരണങ്ങള്‍. ചായ, കാപ്പി, എരിവുള്ള ഭക്ഷണങ്ങള്‍, എണ്ണമയമുളളതും മസാല കൂടുതലുമായ ഭക്ഷണങ്ങള്‍, ശീതള പാനിയങ്ങള്‍, ജങ്ക് ഫുഡ് എന്നിവയൊക്കെ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം. വയറിലെ അള്‍സര്‍, ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് തുടങ്ങിയ അവസ്ഥകളും അസിഡിറ്റി ഉണ്ടാക്കിയേക്കാം. മാത്രമല്ല അമിത സമ്മര്‍ദ്ദം, മോശം ജീവിതശൈലി, മദ്യപാനം, ഉറക്കക്കുറവ് എന്നിവയും അസിഡിറ്റിക്ക് കാരണമാകും.
നെഞ്ചെരിച്ചിലിനെയും ഗ്യസ്ട്രബിളിനെയും പരിഹരിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാ
വാഴപ്പഴം
പൊട്ടാസ്യത്താല്‍ സമ്പന്നമായ വാഴപ്പഴം കഴിക്കുന്നത് വയറിലെ ആസിഡ് ഉത്പാദനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പഴത്തിലെ ചില ഘടകങ്ങള്‍ വയറിലെ കഫം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. അത് അമിതമായ ആസിഡ് ഉത്പാദനത്തിന്റെ ദോഷവശങ്ങളെ ഇല്ലാതാക്കും. വാഴപ്പഴം ദഹനത്തെ വേഗത്തിലാക്കുകയും ചെയ്യും.
തുളസി
തുളസിയില്‍ വയറിലെ അള്‍സറിനെ തടയാന്‍ സാധിക്കുന്ന ഗുണങ്ങളുണ്ട്. ഇത് ഗ്യാസ്ട്രിക് ആസിഡുകളുടെ ഉത്പാദനം കുറയ്ക്കുന്നു. അസിഡിറ്റി പ്രശ്‌നങ്ങള്‍ തോന്നുമ്പോള്‍ അഞ്ചോ ആറോ തുളസിയിലകള്‍ ചവച്ച് കഴിക്കാവുന്നതാണ്.

തണുത്ത പാല്‍
പാലില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റിയെ തടയും. വയറിലെ അമിത ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യും. തണുത്ത പാല്‍ അസിഡിക് പ്രശ്‌നമുളള സമയത്ത് കുടിക്കുന്നത് എരിച്ചിലില്‍ നിന്ന് താല്‍കാലിക ആശ്വാസം നല്‍കാന്‍ സഹായിക്കും.
പെരുംജീരകം
നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോള്‍ പെരുംജീരകം കഴിക്കുന്നത് ഗുണകരമാണ്. കാരണം ഇതില്‍ ശക്തമായ ആന്റി അള്‍സര്‍ ഗുണങ്ങളുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും. മാത്രമല്ല ആമാശയത്തിന്റെ പാളി തണുപ്പിക്കാന്‍ സഹായിക്കും, അസിഡിറ്റി ഉണ്ടാകുമ്പോഴുള്ള എരിച്ചില്‍ കുറയ്ക്കുകയും ചെയ്യും. കുറച്ച് പെരുംജീരകം രാത്രിയില്‍ വെള്ളത്തിലിട്ട് വച്ച് രാവിലെ ആ വെള്ളം കുടിക്കുകയോ പെരുംജീരകം ചവയ്ക്കുകയോ ചെയ്യാം.
സാധാരണ ജീരകം
ജീരകത്തിന് ഉമിനീര്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും വായുകോപവും മറ്റ് വയര്‍ സംബന്ധമായ പ്രശ്‌നങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു.

ഏലയ്ക്ക, ഗ്രാമ്പൂ
ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ദഹനത്തെ സഹായിക്കുകയും ആസിഡ് റിഫ്‌ളക്‌സ് തടയുകയും ചെയ്യും. ഇത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റിയുടെ ലക്ഷണങ്ങളെ തടയുകയും ചെയ്യും. അസിഡിറ്റി ഉണ്ടെന്ന് തോന്നിയാല്‍ ഒരു ഗ്രാമ്പൂവോ ഏലയ്ക്കയോ കടിക്കാവുന്നതാണ്.
ഇഞ്ചി
ഇഞ്ചി ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറിലെ മറ്റ് അസ്വസ്ഥതകള്‍ ഇല്ലാതാക്കുകയും ചെയ്യും. വയറിലെ ആസിഡിന്റെ പ്രഭാവം കുറയ്ക്കുന്നതുകൊണ്ട് വയറിനെ അള്‍സറില്‍നിന്ന് സംരക്ഷിക്കുന്നു. ഒരു ചെറിയ കഷണം ഇഞ്ചി പച്ചയ്ക്ക് ചവച്ച് കഴിക്കുക.
നെല്ലിക്ക
നെല്ലിക്കയില്‍ വലിയ അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ആമാശയവും അന്നനാളവും സുഖപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് നെല്ലിക്ക.
Content Highlights :There are many people around us who suffer from acidity and heartburn. There are some home remedies that you can do to get rid of them.