

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനൊപ്പം സ്ലെഡ്ജിങ്ങിന് ഇരയായിരുന്ന സംഭവത്തെ കുറിച്ച് മുൻ താരമായ രവി ശാസ്ത്രി. 1992ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള സംഭവത്തെ കുറിച്ചാണ് ഇന്ത്യൻ ടീമിന്റെ മുൻ കോച്ച് കൂടിയായ രവി ശാസ്ത്രി തുറന്നുപറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.
പരമ്പരയിൽ സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു സ്ലെഡ്ജിങ് നടന്നത്. ഇന്ത്യയുടെ ഇന്നിംഗ്‌സിൽ ഒരു വിക്കറ്റ് വീണതിന് പിന്നാലെ രവി ശാസ്ത്രിക്ക് ഒപ്പം സച്ചിൻ ടെണ്ടുൽക്കർ ക്രീസിലെത്തുകയായിരുന്നു. ആറാമനായാണ് സച്ചിൻ ബാറ്റ് ചെയ്യാൻ വന്നത്. സച്ചിൻ ക്രീസിലെത്തിയ നിമിഷം മുതൽ സ്ലെഡ്ജിനിന് ഇരയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. തന്റെ തല തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഓസീസ് താരത്തിന് മറുപടി നൽകിയതിനെകുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
‘എനിക്ക് ഓർമ്മയുണ്ട്, സച്ചിന്റെ ആദ്യ പര്യടനമായിരുന്നു അത്. ഞാൻ സെഞ്ച്വറി തികച്ചതേയുള്ളൂ. സച്ചിൻ ബാറ്റ് ചെയ്യാൻ വന്നതും ഓസ്ട്രേലിയയിലെ വോ സഹോദരന്മാർ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്തുതുടങ്ങി. അപ്പോഴാണ് മൈക്ക് വിറ്റ്‌നി എന്ന താരം പന്ത്രണ്ടാമനായി മൈതാനത്തേക്ക് വന്നത്. ആ ഇന്നിങ്സിലുടനീളം അലൻ ബോർഡർ എന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നു. മൈക്ക് വിറ്റ്‌നി പന്തെടുത്ത് എന്നോട് പറഞ്ഞു, ‘ക്രീസിൽ പോയി നിൽക്ക്, ഇല്ലെങ്കിൽ ഞാൻ നിന്റെ തല അടിച്ച് പൊട്ടിക്കും‘. ഞാൻ തിരിഞ്ഞുനടന്ന് പിച്ചിന് നടുവിലേക്ക് പോയി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘നീ അവകാശപ്പെടുന്നതുപോലെ നിനക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ നീ ഒരിക്കലും ഓസ്ട്രേലിയയുടെ 12-ാമനായി ഇറങ്ങില്ലായിരുന്നു‘, രവി ശാസ്ത്രി പറഞ്ഞു.
”അതിനിടയിൽ സച്ചിൻ എന്റെയടുത്ത് വന്ന് പറഞ്ഞു. ഞാനും സെഞ്ച്വറി തികയ്ക്കുന്നത് വരെ കാത്തിരിക്കൂ, അവർക്കുള്ള മറുപടി ഞാൻ കൊടുക്കും. അപ്പോൾ ഞാൻ സച്ചിനോട് പറഞ്ഞു, നീ മിണ്ടാതിരിക്കൂ. ഇപ്പോൾ നിന്റെ ബാറ്റ് സംസാരിക്കട്ടെ. ഇവന്മാരോട് ഞാൻ സംസാരിച്ചോളാം.”, രവി ശാസ്ത്രി കൂട്ടിച്ചേർത്തു. പിന്നീട് രവി ശാസ്ത്രി ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തിൽ സച്ചിൻ പുറത്താകാതെ 148 റൺസ് നേടുകയും ചെയ്തു.
Content Highlights: Ravi Shastri reveal a incident of being sledged with Sachin Tendulkar in AUS vs IND 1992 Tests