

ന്യൂസിലാൻഡിനെതിരായ ഒന്നാം ട്വന്റി 20യിൽ ചരിത്ര വിജയവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്. ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചുവെന്ന റെക്കോർഡാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. ന്യൂസിലാൻഡിന്റെ മറുപടി 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 157ൽ അവസാനിച്ചു.
നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ ഷായി ഹോപ്പിന്റെ അർദ്ധ സെഞ്ച്വറിയാണ് വെസ്റ്റ് ഇൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 39 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം ഹോപ്പ് 53 റൺസ് നേടി. റോവ്മാൻ പവൽ 33 റൺസും റോസ്റ്റൺ ചെയ്സ് 28 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ മുൻനിര കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ ന്യൂസിലാൻഡ് പരാജയത്തിലേക്ക് നീങ്ങി. ടിം റോബിൻസൺ 27 റൺസും രചിൻ രവീന്ദ്ര 21 റൺസും നേടി. ഒരു ഘട്ടത്തിൽ ഒമ്പതിന് 107 എന്ന നിലയിൽ ന്യൂസിലാൻഡ് തകർന്നു. പിന്നാലെ ക്യാപ്റ്റൻ മിച്ചൽ സാന്റനറുടെ ഒറ്റയാൾ പോരാട്ടമാണ് ന്യൂസിലാൻഡിന്റെ തോൽവി ഭാരം കുറച്ചത്. 28 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം സാന്റനർ 55 റൺസെടുത്ത് പുറത്താകാതെ നിന്നു.
വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസും റോസ്റ്റൺ ചെയ്സും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ 1-0ത്തിന് വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.
Content Highlights: Shai Hope’s West Indies defend the lowest T20I score ever at Eden Park