ഇതെന്തൊരു തിരിച്ചുവരവ്; അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങിയെത്തി രണ്ടാം മത്സരത്തിൽ സെഞ്ച്വറിയുമായി ഡികോക്ക്

പാകിസ്താനെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി

ഇതെന്തൊരു തിരിച്ചുവരവ്; അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങിയെത്തി രണ്ടാം മത്സരത്തിൽ സെഞ്ച്വറിയുമായി ഡികോക്ക്
dot image

പാകിസ്താനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ഓപണിങ് ബാറ്റർ ക്വിന്റൺ ഡികോക്ക്. വിരമിക്കൽ പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങിയെത്തിയ ഡി കോക്ക് ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാം മത്സരത്തിൽ താരം സെഞ്ച്വറിയും കുറിച്ചിരിക്കുന്നത്. 119 പന്തിൽ എട്ട് ഫോറും ഏഴ് സിക്സറും സഹിതം പുറത്താകാതെ 123 റൺസെടുത്ത ഡി കോക്കിന്റെ ബലത്തിൽ പാകിസ്താനെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെന്ന സ്കോറാണ് പാക് പട നേടിയത്. 69 റൺസെടുത്ത സൽമാൻ അലി ആ​ഗയാണ് ടോപ് സ്കോറർ. മുഹമ്മദ് നവാസ് 59 റൺസ് നേടി. 53 റൺസ് നേടിയ ഓപണർ സയീം അയൂബ് ആണ് പാക് നിരയിൽ ഫോമിലായ മറ്റൊരു താരം. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ നന്ദ്ര ബർ​ഗർ നാല് വിക്കറ്റുകൾ സ്വന്തമാക്കി. നക്വ പീറ്റർ മൂന്ന് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ചു. ഓപണർമാരായ ലുവൻ-ഡ്രെ പ്രിട്ടോറിയസും ക്വിന്റൺ ഡികോക്കും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. 46 റൺസെടുത്താണ് പ്രിട്ടോറിയസ് പുറത്തായത്.

മൂന്നാമനായി ക്രീസിലെത്തിയ ടോണി ഡി സോർസിക്കൊപ്പം ഡി കോക്ക് റൺസുയർത്തി. 63 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സറും സഹിതം 76 റൺസെടുത്താണ് സോർസി മടങ്ങിയത്. ഡി കോക്കിനൊപ്പമുള്ള രണ്ടാം വിക്കറ്റിൽ സോർസി 145 റൺസ് കൂട്ടിച്ചേർത്തിരുന്നു. സോർസി മടങ്ങിയതോടെ ക്രീസിലെത്തിയ മാത്യൂ ബ്രീത്സ്കെ ഡികോക്കുമായി ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കി.

40.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ വിജയങ്ങൾ വീതം നേടിയിട്ടുണ്ട്. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.

Content Highlights: De Kock smashed a brilliant Hundred against Pakistan

dot image
To advertise here,contact us
dot image