

വിശക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്യാൻ ഫേവറിറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. കൃത്യ സമയമത്തിനുള്ളിൽ നമുക്കുള്ള ഭക്ഷണവുമായി ഓടിയെത്തുന്ന ഡെലിവറി ബോയിമാർക്കും പറയാനുണ്ടാകും അവരുടെ ജീവിതത്തിലെ പോരാട്ടങ്ങളും അനുഭവങ്ങളും. കൊടുചൂടിലും തണുപ്പിലും മഴയിലുമെല്ലാം നമ്മുടെ ഓഡർ കൈയിൽ ഏൽപ്പിക്കാൻ അവർ ഓടിനടക്കുന്നു. ഇപ്പോള്‍ അങ്ങ് യുഎഇയിൽ നിന്നുള്ള ഒരു ഫുഡ് ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിലടക്കം വൈറലാവുന്നത്.
ഡെലിവറി സമയത്ത് ഒരു അപകടം പറ്റിയാൽ എന്ത് ചെയ്യും, അതും നടുറോഡിൽ. ദുബായിലെ തെരുവുകളാണ് വൈറല്‍ വീഡിയോയിൽ ആദ്യം കാണിക്കുന്നത്. പെട്ടെന്നാണ് ഒരു ഡെലിവറി ബോയ് ബൈക്കിൽ നിന്നും റോഡിലേക്ക് വീഴുന്നത്. തിരക്ക് പിടിച്ച റോഡിൽ ആരും സഹായിക്കില്ലെന്ന് കരുതുമ്പോഴാണ് പെട്ടെന്ന് മറ്റ് രണ്ട് ഡെലിവറി ബോയിമാർ അദ്ദേഹത്തിന്റെ സഹായത്തിനായി എത്തുന്നത്. ഉടൻ തന്നെ ഈ യുവാവിനെ മറ്റുരണ്ടു പേരും ചേർന്ന് എടുത്തുകൊണ്ട് സമീപത്തുള്ള ഫുഡ്പാത്തിൽ കൊണ്ടുകിടത്തി. ഒപ്പം റോഡിന് നടുക്കായി കിടന്ന ബൈക്ക് ഒതുക്കി റോഡരികിലേക്കി മാറ്റിനിർത്തി. ഹൈവേയിലെ തിരക്കിനിടയിലും മനുഷ്യത്വം കാട്ടാന്‍ മടിക്കാത്ത ചിലരെങ്കിലും ഉണ്ടല്ലോ എന്നാണ് വീഡിയോയ്ക്ക് താഴെ പലരുടെയും കമന്റ്.
ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നതിനിടയില്‍, ഡെലിവറി ഏജന്റുമാർക്കായി കർശനമായ നിയമങ്ങളാണ് യുഎഇയില്‍ നിലവിലുള്ളത്. ഹെൽമറ്റ്, റിഫ്ളക്റ്റീവ് ജാക്കറ്റുകൾ.. ഇങ്ങനെ നീളും കർശനമായ ഓരോ നിയമങ്ങള്‍. എത്രയൊക്കെ സംരക്ഷണം ഒരുക്കിയാലും അപകടങ്ങളും നിരന്തരം സംഭവിക്കുന്നുണ്ട്. ഓരോ യൂണിഫോമിനുള്ളിലും ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടമാണെന്നതാണ് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നത്. അതേസമയം ഡെലിവറി റൈഡർമാർക്കായി നവംബർ ഒന്നുമുതൽ പുതിയ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ് യുഎഇയിൽ. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് പൊലീസും ചേർന്ന് പുറത്തിറക്കിയ നിയമത്തിൽ ഹൈ സ്പീഡ് ലെയ്നുകൾ ഉപയോഗിക്കുന്നതിൽ നിന്നും ഡെലിവറി ഏജന്റുമാരെ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ചട്ടം അനുസരിച്ച് അഞ്ചോ അതിലധികമോ ലെയ്നുകളുള്ള റോഡുകളിൽ ഇടതുവശത്തെ രണ്ട് ലെയ്നുകൾ ബൈക്കുകൾ ഉപയോഗിക്കാൻ പാടില്ല. ഇനി മൂന്നോ നാലോ ലെയ്നുകളുള്ള റോഡുകളാണെങ്കിൽ ഏറ്റവും ഇടതായുള്ള ലെയ്ൻ ഉപയോഗിക്കാൻ ഇവർക്ക് അനുവാദമില്ല. എന്നാൽ ചെറിയ റോഡുകളിൽ ഇവർക്ക് ഏത് ലെയ്നിലൂടെയും സഞ്ചരിക്കാം. ദുബായിലെ നിരത്തുകൾ എല്ലാവർക്കും സുരക്ഷിതമായ ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങളെന്ന് എമിറാത്തി റോഡ് സേഫ്റ്റി എക്സ്പേർട്ട് മുസ്തഫ അൽദ പറയുന്നത്.
Content Highlights: Food Delivery boy fell on Highway from his bike in UAE