

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ (എസ്‌ഐടി). ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ ബോധപൂര്‍വം മാറിനിന്നതാണോ അത് മാറ്റിനിര്‍ത്തിയതാണോ എന്ന് എസ്‌ഐടി സംശയിക്കുന്നു.
ഗൂഢാലോചനയും തട്ടിപ്പും ഇയാള്‍ അറിഞ്ഞിരുന്നെന്നും ദേവസ്വം സ്മിത്തിനെ വിവരം അറിയിക്കാത്തത് മനഃപൂര്‍വമാണെന്നുമാണ് എസ്‌ഐടി നിഗമനം. കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാക്കി എഴുതിയതിലും ബൈജുവിന് പങ്കുണ്ടെന്നാണ് വിവരം. ബൈജു അഴിമതിക്ക് കൂട്ടുനിന്നെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും.
കേസിലെ ഏഴാം പ്രതിയായാണ് കഴിഞ്ഞ ദിവസം ബൈജുവിനെ അറസ്റ്റ് ചെയ്തത്. 2019ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു ബൈജു. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്ഐടി എത്തിയത്.
പാളികള്‍ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടയാളാണ് തിരുവാഭരണ കമ്മീഷണര്‍. അദ്ദേഹം ഈ സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. ഇതോടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മുരാരി ബാബുവും ഡി സുധീഷ് കുമാറും കേസില്‍ അറസ്റ്റിലായിരുന്നു. 2019 ജൂലൈയിലാണ് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയത്. ഈ സമയത്ത് മഹസറില്‍ കെ എസ് ബൈജു ഒപ്പിട്ടിരുന്നില്ല.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാനും എസ്‌ഐടിയ്ക്ക് പദ്ധതിയുണ്ട്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി ഒരുങ്ങുന്നത്. വാസുവിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. തെളിവുകള്‍ നിരത്തി വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടി തീരുമാനം. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
Content Highlights: SIT finds KS Baiju involved in both cases in Sabarimala gold robbery case