

ഇന്ത്യന്‍ താരം ശിവം ദുബെയെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുന്‍ താരവും അസിസ്റ്റന്റ് പരിശീലകനുമായിരുന്ന അഭിഷേക് നായര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20യിലെ മികച്ച പ്രകടത്തിന് ശേഷമാണ് ദുബെയെ പ്രശംസിച്ച് അഭിഷേക് രംഗത്തെത്തിയത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിലില്ലാത്തതിന്റെ കുറവ് ദുബെ അറിയിച്ചിട്ടില്ലെന്നാണ് അഭിഷേക് നായര്‍ പറയുന്നത്.
'ഇന്ത്യന്‍ ടീമിന് ആവശ്യമുള്ള മികച്ച ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20ക്ക് ശേഷം തനിക്കും മികച്ച ഓള്‍റൗണ്ടറാവാന്‍ കഴിയുമെന്ന് ദുബെ തെളിയിച്ചുതന്നു. ശിവം ദുബെ പ്രധാനപ്പെട്ട ഓവറുകളില്‍ പന്തെറിയുന്നു, നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തുന്നു, ബാറ്റുകൊണ്ടും സംഭാവന നല്‍കുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ലെന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടാവുകയേയില്ല', അഭിഷേക് മത്സരത്തിന് ശേഷം ജിയോസ്റ്റാര്‍ ക്രിക്കറ്റിനോട് പറഞ്ഞു.
അതേസമയം മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനം പുറത്തെടുക്കാൻ ശിവം ദുബെയ്ക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി വണ്‍ഡൗണായി എത്തിയ ദുബെ 18 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മിച്ചല്‍ മാര്‍ഷിനെയും ടിം ഡേവിഡിനെയും പുറത്താക്കി സൂര്യ തിളങ്ങി.
അതേസമയം മത്സരത്തിൽ ഇന്ത്യ 48 റൺസിനാണ് ഓസീസിനെ തകർത്തത്. അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ മികച്ച ഓൾറൌണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റുചെയ്ത ഓസ്ട്രേലിയ 119 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
Content Highlights: AUS vs IND: “You don’t feel Hardik Pandya’s absence”, Abhishek Nayar praises Shivam Dube’s all-round show