

പാകിസ്താനെതിരായ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ഓപണർ ക്വിന്റൺ ഡി കോക്കിന് അർദ്ധ സെഞ്ച്വറി. രണ്ട് വർഷത്തിന് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഡി കോക്ക് അർദ്ധ സെഞ്ച്വറിയിലൂടെയാണ് തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. 2023 ഏകദിന ലോകകപ്പിന് പിന്നാലെ ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഏതാനും മാസം മുമ്പ് താരം വിരമിക്കൽ പിൻവലിച്ച് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു.
പാകിസ്താനെതിരെ 71 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം 63 റൺസെടുത്താണ് ഡി കോക്ക് പുറത്തായത്. പാക് പേസർ നസീം ഷായുടെ പന്തിൽ ബൗൾഡായാണ് ഡി കോക്കിന്റെ മടക്കം. 57 റൺസ് നേടിയ ലുവൻ-ഡ്രെ പ്രിട്ടോറിയസ്, 42 റൺസെടുത്ത ക്യാപ്റ്റൻ മാത്യൂ ബ്രീത്സകെ തുടങ്ങിയവരാണ് പാകിസ്താനെതിരായ ആദ്യ എകദിനത്തിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയ മറ്റു താരങ്ങൾ. വാലറ്റത്ത് കോർബിൻ ബോഷ് 40 പന്തിൽ 41 റൺസുമായി നിർണായക സംഭാവന നൽകി.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ലുവൻ-ഡ്രെ പ്രിട്ടോറിയസും ക്വിന്റൺ ഡി കോക്കും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോറിലെത്തുന്നതിന് തിരിച്ചടിയായി. 49.1 ഓവറിൽ 263 റൺസിൽ ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായി. പാകിസ്താനായി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Quinton de Kock slams half-century on ODI return