അശ്വിന് തിരിച്ചടി; ബിഗ് ബാഷ് ലീഗില്‍ നിന്ന് പുറത്ത്, പോസ്റ്റ് പങ്കുവെച്ച് താരം

15-ാം സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടമായിരിക്കുകയാണ്

അശ്വിന് തിരിച്ചടി; ബിഗ് ബാഷ് ലീഗില്‍ നിന്ന് പുറത്ത്, പോസ്റ്റ് പങ്കുവെച്ച് താരം
dot image

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗില്‍ നിന്ന് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പുറത്ത്. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അശ്വിന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിബിഎല്ലില്‍ സിഡ്‌നി തണ്ടര്‍ താരമായിരുന്നു അശ്വിന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ചെന്നൈയില്‍ പരിശീലനം നടത്തുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റെന്ന് അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബിബിഎല്‍ ഇത്തവണ നഷ്ടമാകും. അത് പറയാന്‍ ബുദ്ധിമുട്ടുണ്ട്. സിഡ്‌നി തണ്ടറിന് വേണ്ടി കളിക്കുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. ക്ലബിന്റെ ഭാഗമായതു മുതല്‍ താരങ്ങള്‍, സ്റ്റാഫുകള്‍ എന്നിവരില്‍ നിന്ന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി. സിഡ്‌നി തണ്ടറിന്റെ എല്ലാ മത്സരങ്ങളും കാണും. പുരുഷ, വനിതാ ടീമുകളെ പ്രോത്സാഹിപ്പിക്കും. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ സീസണിന്റെ അവസാനം മത്സരം കാണാന്‍ നേരിട്ടെത്തുമെന്നും താരം വ്യക്തമാക്കി. സ്നേഹത്തിന് നന്ദി പറഞ്ഞ അശ്വിൻ ടീമിന് ആശംസകൾ അറിയിക്കുകയും ചെയ്തു.

കാല്‍മുട്ടിന് പരിക്കേറ്റ അശ്വിന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് സിഡ്‌നി തണ്ടറും സ്ഥിരീകരിച്ചു. ഇതോടെ 15-ാം സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടമായിരിക്കുകയാണ്. ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ താരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.

Content Highlights: Ravichandran Ashwin ruled out of 2025/26 BBL due to injury

dot image
To advertise here,contact us
dot image