

വനിതാ ഏകദിന ലോകകപ്പില്‍ കിരീടമുയര്‍ത്തി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ഇന്ത്യന്‍ വനിതാ ടീമിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ നവി മുംബൈയിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി നാളെ വൈകിട്ടോടെ ടീം ഡല്‍ഹിക്ക് തിരിക്കും. ഇതിനുശേഷമായിരിക്കും ടീമംഗങ്ങള്‍ വീടുകളിലേക്ക് തിരിച്ചുപോവുക.
വിശ്വകിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു. കഴിവും ആത്മവിശ്വാസവും അടയാളപ്പെടുത്തിയ വിജയമാണ് ഇതെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ടീം അസാമാന്യമായ ടീം വര്‍ക്കും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു. എല്ലാ താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍, മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
Content Highlights: PM Narendra Modi To Meet Indian Women Cricket Team Following World Cup win