രാജ്യത്ത് ഡ്രോണോ മിസൈലോ കണ്ടാൽ റിപ്പോർട്ട് ചെയ്യാം; പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കി സൗദി

സൗദിയില്‍ വ്യോമ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയം പുതിയ ഡിജിറ്റല്‍ സേവനത്തിന് തുടക്കം കുറിച്ചത്

രാജ്യത്ത് ഡ്രോണോ മിസൈലോ കണ്ടാൽ റിപ്പോർട്ട് ചെയ്യാം; പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കി സൗദി
dot image

ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഡ്രോണോ മിസൈലോ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കി സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ തവക്കല്‍ന ആപ്പില്‍ പുതിയ സേവനം ആരംഭിച്ചു. വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും വേഗത്തിലുള്ള പ്രതികരണം നടത്താനും പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടിങ് സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

സൗദിയില്‍ വ്യോമ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയം പുതിയ ഡിജിറ്റല്‍ സേവനത്തിന് തുടക്കം കുറിച്ചത്. സംശയാസ്പദമായ രീതിയില്‍ ആകാശത്ത് കാണപ്പെടുന്ന ഡ്രോണുകളോ മിസൈലുകളോ മറ്റ് വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തവക്കല്‍ന ആപ്പ് വഴി അധികൃതരെ നേരിട്ട് വിവരം അറിയിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. 35 സെക്കന്‍ഡുകള്‍ക്കകം തന്നെ വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷനില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി തവക്കല്‍ന ആപ്പില്‍ പ്രവേശിച്ച ശേഷം സര്‍വീസസ്' വിഭാഗത്തില്‍ നിന്ന് 'സസ്പിഷ്യസ് എയര്‍ സൈറ്റിംഗ്‌സ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് കണ്ടെത്തിയ വസ്തുവിന്റെ സ്വഭാവം, കണ്ടെത്തിയ സ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. 'സബ്മിറ്റ്' ബട്ടണ്‍ അമര്‍ത്തുന്നതോടെ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ സെന്ററിലേക്ക് നേരിട്ട് എത്തും.

ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സുരക്ഷാ ഭീഷണികള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സ്വദേശികളെയും പ്രവാസികളെയും പ്രാപ്തരാക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയില്‍ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഈ നടപടി ഗുണകരമായ ചുവടുവെപ്പാണെന്ന് മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അഭിപ്രായപ്പെട്ടു. രാജ്യത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള ശേഷി സൗദി സായുധ സേനയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Authorities in Saudi Arabia have introduced a system allowing the public to report sightings of drones or missiles. The move is aimed at strengthening security monitoring and encouraging citizens and residents to immediately inform authorities if they notice suspicious aerial objects.

dot image
To advertise here,contact us
dot image