

വർഷങ്ങൾക്ക് മുമ്പ് തനിക്ക് ബാധിച്ച അപൂർവ രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ. പേശികളെ ഗുരുതരമായ രോഗം ബാധിക്കുന്ന റാബ്ഡോമയോളിസിസ് എന്ന രോഗം തന്റെ കരിയർ കാർന്നു തിന്നുകയായിരുന്നുവെന്നും മുംബൈ ഇന്ത്യൻസ് ടീമും ആകാശ് അംബാനിയും ബി.സി.സി.ഐയും ജയ് ഷായുമാണ് അന്ന് തനിക്കൊപ്പം നിന്നതെന്നും തിലക് വർമ്മ പറഞ്ഞു.
ഗൗരവ് കപൂറുമായുള്ള സംഭാഷണത്തിനിടെയാണ് കരിയറിലെ മോശം കാലം തിലക് വർമ്മ ഓർത്തെടുത്തത്. 2022 ഐ പി എൽ കാലത്തായിരുന്നു അത്. ആ സമയത്താണ് എന്റെ പേശികൾക്ക് ചില പ്രശ്നങ്ങൾ കണ്ടെത്തിയത്. പക്ഷേ ടെസ്റ്റ് ടീമിൽ കളിക്കാനുള്ള അതിയായ ആഗ്രഹത്താൻ ആ സമയത്ത് ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. വിശ്രമിക്കേണ്ട ദിവസങ്ങളിലും ഞാൻ ജിമ്മിൽ പോയി. ഇത് പേശികളുടെ അവസ്ഥ മോശമാക്കി. തന്റെ സ്ഥിതിയറിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസ് ഉടമ ആകാശ്അംബാനി ഉടൻ തന്നെ ഇക്കാര്യം ജയ് ഷായെ അറിയിക്കുകയായിരുന്നു. ഒടുവിൽ ജയ്ഷായും ബി.സി.സി.ഐയും ഇടപ്പെട്ടാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തിലക് വർമ്മ പറഞ്ഞു.
2022 ഐ.പി.എൽ സീസണിൽ മികച്ച പ്രകടനമാണ് തിലക് വർമ്മ മുംബൈ ഇന്ത്യൻസിനായി നടത്തിയത്. തുടർന്നുള്ള ടൂർണമെന്റുകളിലും മികച്ച പ്രകടനം നടത്തി തിലക് വർമ്മ ഇന്ത്യൻ ടീമിലെ സ്ഥിരം പേരുകാരിൽ ഒരാളായി മാറിയിരിക്കുകയാണ്. 2025 ഏഷ്യ കപ്പ് ഫൈനലിൽ തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.
Content Highlights:Tilak Varma opens up about Rhabdomyolysis; What you need to know