
ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തിലെ ഡി എൽ എസ് മഴ നിയമത്തെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര. തുടർച്ചയായ മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടിയിരുന്നുവെങ്കിലും ഡി എൽ എസ് പ്രകാരം ഓസീസ് വിജയ ലക്ഷ്യം 131 ആക്കി പുനർ നിശ്ചയിച്ചിരുന്നു.
ഇതിനെയാണ് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര വിമർശിച്ചത്. മത്സരത്തിന്റെ സാഹചര്യങ്ങളും ഓവറുകളും ഓസ്‌ട്രേലിയയ്ക്ക് അറിയാമായിരുന്നുവെന്നും ഇന്ത്യയ്ക്ക് അത് നേരത്തെ അറിയില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ത്യയ്ക്ക് 136 റൺസിലേക്ക് അധികം റൺസുകൾ നൽകുകയാണ് വേണ്ടിയിരുന്നതെന്നും ചോപ്ര പറഞ്ഞു. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ വീണത് കണക്കിയാണ് ഇന്ത്യയുടെ ടോട്ടൽ വീണ്ടും കുറച്ചത്, അത് അനീതിയാണ്, ചോപ്ര കൂട്ടിച്ചേർത്തു.
അതേ സമയം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തങ്ങളുടെ തിരിച്ചുവരവ് മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ കെ എൽ രാഹുൽ (38 ), അക്സർ പട്ടേൽ(31), അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡി (19) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഈ സ്‌കോർ സമ്മാനിച്ചത്.
ഓസ്‌ട്രേലിയക്കായി നായകൻ മിച്ചൽ മാർഷ് 46 റൺസ് നേടി പുറത്താകാതെ നിന്നു. 22ാം ഓവറിലായിരുന്നു ഓസീസ് വിജയം. 23 ന് രാവിലെ ഒമ്പത് മണി മുതൽ അഡ്ലെയ്ഡിലാണ് രണ്ടാം ഏകദിനം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം മത്സരത്തിൽ ജയിച്ച് തിരിച്ചുവരവിനായിരിക്കും ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. രണ്ടാം മത്സരവും ജയിച്ച് പരമ്പര നേരത്തെ ഉറപ്പിക്കുകയാകും ഓസീസിന്റെ ലക്ഷ്യം.
Conent Highlights- Aakash Chopra questions DLS rule india vs australia