
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം പലര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. വല്ലപ്പോഴുമുണ്ടാകുന്ന തലകറക്കം പലപ്പോഴും ദോഷകരമല്ലെങ്കിലും ആവര്‍ത്തിച്ചുളള ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൈപ്പോടെന്‍ഷന്‍ (രക്തസമ്മര്‍ദ്ദം കുറയുന്നത്)കൊണ്ടായിരിക്കും. ഇതുകൊണ്ട് മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകാം. കാലുകളില്‍ രക്തം താല്‍ക്കാലികമായി കെട്ടിക്കിടക്കുക, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത്, നിര്‍ജ്ജലീകരണം, ചില മരുന്നുകളുടെ ഉപയോഗം, ഭക്ഷണശേഷമുള്ള രക്തപ്രവാഹത്തിലെ മാറ്റങ്ങള്‍ ഇവയൊക്കെ തലകറക്കത്തിന് കാരണമായേക്കാം.
ഒരാള്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന സ്ഥലത്തുനിന്നും എഴുന്നേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുകയും തലകറക്കമോ ബോധക്ഷയമോ ഉണ്ടാവുകയോ ചെയ്യാം. എഴുന്നേല്‍ക്കുന്ന സമയത്ത് ഗുരുത്വാകര്‍ഷണം മൂലം കാലുകളിലും പാദങ്ങളിലും രക്തം കെട്ടിക്കിടക്കും. കാലുകളിലെ ഞരമ്പുകള്‍ ചുരുങ്ങുമ്പോള്‍ രക്തം ഹൃദയത്തിലേക്ക് തിരികെ തളളുന്നു. പ്രധാന അവയവങ്ങളിലേക്ക് പ്രത്യേകിച്ച് തലച്ചോറിലേക്ക് രക്തയോട്ടം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഹൃദയമിടിപ്പ് ചെറുതായി വര്‍ധിക്കുന്നു.അപ്പോള്‍ ചെറിയ ധമനികള്‍ മുറുകുകയും രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇങ്ങനെയാണ് സാധാരണയായി തലച്ചോറിലേക്ക് രക്തപ്രവാഹം നടക്കുന്നത്. ഈ പ്രക്രീയയുടെ ഏതെങ്കിലും ഭാഗം വൈകുകയോ ദുര്‍ബലമാകുകയോ ചെയ്താല്‍ തലകറക്കമോ കണ്ണില്‍ ഇരുട്ട് കയറുകയോ ചെയ്യുന്നതുപോലുന്നതുപോലുള്ള അനുഭവം ഉണ്ടാകുന്നു.
എല്ലാ തലകറക്കവും അപകടകരമല്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ഇടയ്ക്കിടയ്‌ക്കോ നീണ്ടുനില്‍ക്കുന്നതോ ആയുളള തലകറക്കം,ബോധക്ഷയം, ബാലന്‍സ് നഷ്ടപ്പെട്ട് വീഴുക, കഠിനമായ തലവേദന, നെഞ്ചുവേദന. ഈ ലക്ഷണങ്ങളൊക്കെയുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Reasons for feeling dizzy when waking up in the morning