
പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷനാണ് തമിഴ്നാട്ടിൽ സമ്മിശ്ര പ്രതികരണം നേടിയ ഒരു ചിത്രം നേടുന്നത്. 66 കോടിയിലധികം രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയത്. ദീപാവലി ആയതിനാൽ കുടുംബ പ്രേക്ഷകരും യുവാക്കളും ഡ്യൂഡ് തന്നെ കാണാൻ പോകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.
#PradeepRanganathan's film #Dude has collected 66 crores in three days of its release.
— Movie Tamil (@_MovieTamil) October 20, 2025
PEAK Collection 😁 pic.twitter.com/HRR19RnrgV
ലവ് ടുഡേ, ഡ്രാഗൺ, ഇപ്പോൾ ഡ്യൂഡ് പ്രദീപിന്റെ മൂന്നാമത് ചിത്രമാണ് 100 കോടിയിലേക്ക് കുതിക്കുന്നത്. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഡ്യുഡിന് കളക്ഷനിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്.
കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്.
നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.
Content Highlights: Dude Movie three days box office collection report