
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ഇന്ന് അവസാന ദിനം. അവസാന ദിനം ഇന്ത്യക്ക് 58 റൺസാണ് വിജയിക്കാൻ വേണ്ടത്.ആദ്യ മത്സരം ഇന്നിങ്സിനും 140 റൺസിനും ജയിച്ച ഇന്ത്യക്ക് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം കൂടി ജയിച്ച് തൂത്തുവാരാൻ കഴിയും.
121 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ കളി നിർത്തുമ്പോൾ 63 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോർ നേടിയ യശസ്വി ജയ്‌സ്വാൾ എട്ട് റൺസ് നേടി പുറത്തായി. ജോമെൽ വാരിക്കനാണ് വിക്കറ്റ്. 25 റൺസുമായി കെഎൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ.
ഫോളോ ഓണിന് അയക്കപ്പെട്ട വിൻഡീസിന്റെ രണ്ടാം ഇന്നിങ്‌സിലെ മികച്ച ബാറ്റിങ്ങാണ് മത്സരം അവസാന ദിനത്തിലേക്ക് നീട്ടിയത്. രണ്ടാം ഇന്നിങ്‌സിൽ വെസ്റ്റ് ഇൻഡീസ് 390 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ജോൺ കാംബെൽ (115), ഷായ് ഹോപ്പ് (103) എന്നിവരുടെ സെഞ്ച്വറികളാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്.
അവസാന വിക്കറ്റിൽ ജെയ്ഡൻ സീൽസ് (32) ജസ്റ്റിൻ ഗ്രീവ്സ് (പുറത്താവാതെ 50) എന്നിവർ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 518 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. വിൻഡീസ് മറുപടി ബാറ്റിംഗിൽ 248 റൺസാണ് നേടിയത്. പിന്നാലെ ഇന്ത്യ ഫോളോഓണിന് അയക്കുകയായിരുന്നു.
Content Highlights- Only 58 runs away from victory and series; India-West Indies final day of Test today