
ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ ഒരുപാടുള്ള കാലമാണിത്. പ്ലേസ്റ്റോറിൽ പോയാൽ ഇടയ്ക്കിടെ നമുക്ക് അവയുടെ നോട്ടിഫിക്കേഷൻ വരുന്നത് സ്വാഭാവികമാണ്. നമ്മുടെ യുവതീയുവാക്കൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ നമ്മൾ പറ്റിക്കപ്പെടാനുളള സാധ്യതയും ഇത്തരം അപ്പുകളിലുണ്ട്. അത്തരത്തിൽ പറ്റിക്കപ്പെട്ട ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ പ്രചരിക്കപ്പെടുന്നത്.
മുംബൈ സ്വദേശിയായ ഒരു യുവാവാണ് തനിക്ക് പറ്റിയ ഒരബദ്ധം റെഡിറ്റിലൂടെ പങ്കുവെച്ചത്. ഡേറ്റിങ് ആപ്പിലൂടെ ഈ യുവാവ് ഒരു യുവതിയുമായി പരിചയത്തിലായി. ഒരു ദിവസം ഇരുവരും പരസ്പരം കാണാൻ തീരുമാനിച്ചു. മുംബൈ നഗരമധ്യത്തിലെ പ്രശസ്‌തമായ ഒരു തടാകത്തിനരികെയായിരുന്നു ഇരുവരും ആദ്യം കാണാൻ തീരുമാനിച്ചത്. എന്നാൽ യുവാവിനോട് യുവതി ഒരു ബാറിലേക്ക് വരാൻ പറയുകയായിരുന്നു. പാബ്ലോ ബാർ ആൻഡ് ലോഞ്ച് എന്നയിടത്തേക്കാണ് യുവതി യുവാവിനെ കൊണ്ടുപോയത്. അവിടെവെച്ച് വിലകൂടിയ മദ്യം യുവതി ഓർഡർ ചെയ്തുതുടങ്ങി. യുവാവാണെങ്കിൽ കാര്യമായി ഒന്നും കഴിച്ചതുമില്ല.
ബിൽ വന്നപ്പോളാണ് കാര്യത്തിന്റെ ഗൗരവം മാറിമറിഞ്ഞത്. 24,000 രൂപയായിരുന്നു ബിൽതുക. സർവീസ് ചാർജ് ആയി 2000 രൂപയും ഈടാക്കിയിരുന്നു. ഈ സമയം യുവാവിന്റെ കയ്യിൽ ആകെയുണ്ടായത് 2000 രൂപ മാത്രമായിരുന്നു. പണം തികയാതെ വന്നതോടെ എങ്ങനെയൊക്കെയോ യുവാവ് 10,000 രൂപ സംഘടിപ്പിച്ചുനൽകി.
Got scammed through dating app
byu/xXSEKIROXx inmumbai
എന്നാൽ പണം നൽകിക്കഴിഞ്ഞപ്പോൾ യുവതി എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകാമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. തുടർന്ന് അവർ കാര്യമായി സംസാരിക്കാൻ നിൽക്കാതെ സ്ഥലം വിട്ടു. അവിടെയുണ്ടായിരുന്ന മറ്റ് കസ്റ്റമേഴ്സും കാര്യമറിയാതെയാണ് വന്നിരിക്കുന്നത് എന്നും അവരും വഞ്ചിക്കപ്പെട്ടെന്നാണ് തനിക്ക് തോന്നുന്നത് എന്നും യുവാവ് പറയുന്നു.
നിരവധി പേരാണ് യുവാവിന്റെ തുറന്നുപറച്ചിലിന് പിന്നാലെ പ്രതികരണവുമായി എത്തുന്നത്. താനെ മേഖലയിൽ ഇത് സ്ഥിരമാണെന്നും ഡേറ്റിങ്ങിന് വരുന്ന യുവതികൾ തങ്ങൾ പറയുന്ന ബാറിലേക്ക് വരാൻ യുവാക്കളോട് ആവശ്യപ്പെടുന്നത് പതിവാണെന്നും ചിലർ പറയുന്നുണ്ട്. ബാറുകളും യുവതികളും തമ്മിലുള്ള ഡീൽ ആയിരിക്കാം ഇതെന്നാണ് ഇവർ കരുതുന്നത്. എന്തുതന്നെയായാലും ഈ അനുഭവം വായിക്കുന്നവർ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തുമെന്ന് ഉറപ്പാണ്.
Control Highlights: man shares experience of dating app scam