
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കൻ വനിതകൾക്കെതിരെ ഭേദപ്പെട്ട വിജയലക്ഷ്യമുയർത്തി ഇന്ത്യൻ വനിതാ ടീം. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മഴ കാരണം 47 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 269 റൺസ് നേടി. ദീപ്തി ശർമയും അമൻജോത് കൗറും ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടി.
ഇന്ത്യയുടെ പ്രതീക്ഷയായ സ്മൃതി മന്ദാനയെ പുറത്താക്കിയാണ് ശ്രീലങ്ക തുടങ്ങിയത്. മത്സരം 11 ഓവറുകൾ പിന്നിട്ടപ്പോൾ മഴ തടസമായി എത്തുകയും ചെയ്തു. മഴയ്ക്ക് ശേഷം കളി പുനഃരാരംഭിച്ചപ്പോൾ പ്രതീക റാവലും ഹർലീൻ ഡിയോളും ചേർന്ന് ഇന്ത്യയുടെ സ്കോർ ഉയർത്താൻ ശ്രമിച്ചു. ഇരുവരും അർധസെഞ്ച്വറിക്കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
37 റൺസെടുത്ത പ്രതീക റാവൽ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്കോർബോർഡ് മുന്നോട്ട് ചലപ്പിച്ച് കൊണ്ടിരുന്നെങ്കിലും ശ്രീലങ്കയുടെ ഇനോക രണവീര പന്തുകൾ ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തി കൊണ്ടേയിരുന്നു. 124 റൺസിന് ആറ് വിക്കറ്റെന്ന നിലയിലേക്ക് പതിച്ച ഇന്ത്യൻ ടീമിനെ ദീപ്തി ശർമയുടയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. നാല് തവണയാണ് ശ്രീലങ്കൻ ഫീൽഡർമാർ അമൻജോതിനെ കൈവിട്ടത്. 269 റൺസാണ് ഇന്ത്യ നേടിയതെങ്കിലും ഡിഎൽഎസ് നിയമപ്രകാരം അത് 270 റൺസായി. ശ്രീലങ്കയ്ക്ക് വിജയിക്കാൻ ഇനി 271 റൺസ് നേടണം.
Content Highlights: Sri Lanka chasing 271 to beat India in World Cup opener