
തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുന്നവരാണ് മലയാളത്തിലെ നടന്മാരെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. നടൻ ടൊവിനോയുടെ നിലപാടുകൾ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഒരു നിർമാതാവിൽ നിന്നും ടോവിനോക്ക് നേരിട്ട് അനുഭവത്തെക്കുറിച്ചും സന്തോഷ് ടി കുരുവിള പറഞ്ഞു.
മലയാള സിനിമയിൽ പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെടുമെന്ന പേരിൽ ആരെങ്കിലും അഭിപ്രായങ്ങൾ പങ്കുവെക്കാതെ ഇരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള. 'ടൊവിനോ അക്കാര്യത്തിൽ ഏറ്റവും വലിയ ഉദാഹരണമാണ്. അയാളുടെ നിലപാടുകൾ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു സിനിമയിൽ വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ അതിന്റെ നിർമാതാവ് ടൊവിനോയുടെ തോളിൽ കയ്യിട്ട് 'നമ്മൾ ക്രിസ്ത്യാനികൾ ഒക്കെ ഒരുമിച്ച് നിൽക്കേണ്ടവരാണ്' എന്ന് പറഞ്ഞു. ടൊവിനോ അത് കേട്ട് വല്ലാതെ അസ്വസ്ഥനായി. അദ്ദേഹം എന്റെയടുത്ത് വന്നു 'ഇനി ജീവിതത്തിൽ ഞാൻ ആ നിർമാതാവിന്റെ കൂടെ വർക്ക് ചെയ്യില്ല' എന്ന് പറഞ്ഞു. ആ നിലപാട് നമ്മൾ അംഗീകരിക്കേണ്ടതാണ്. എന്നോടാണ് അങ്ങനെ പറഞ്ഞിരുന്നതെങ്കിൽ അവന്റെ ചെവികുറ്റിക്ക് നോക്കി ഒന്ന് കൊടുത്തേനെ', സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ.
ഷെയിൻ നിഗം ചിത്രമായ ബൾട്ടിയാണ് സന്തോഷ് ടി കുരുവിളയുടെ നിർമാണത്തിൽ പുറത്തുവന്ന ഏറ്റവും പുതിയ സിനിമ. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച അഭിപ്രായങ്ങൾ നേടുന്ന സിനിമയ്ക്ക് കളക്ഷനിലും മേൽകൈ ലഭിക്കുന്നുണ്ട്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്.'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.
Content Highlights: Santhosh T Kuruvila about Tovino Thomas