
വിമാനത്തിനുള്ളിൽവെച്ച് പവർ ബാങ്കുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള നിയമം നാളെ മുതൽ നിലവിൽ വരുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാൽ യാത്രക്കാര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് പവര്‍ ബാങ്ക് കൈയില്‍ കരുതാന്‍ അനുമതിയുണ്ട്. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായാണ് നിയമം. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച വിമാന യാത്രയിലെ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായാണ് നടപടി.
പുതിയ നിയമങ്ങള്‍ അനുസരിച്ച് 100 വാട്ട് ഹവറിന് താഴെയുള്ള ഒരു പവര്‍ ബാങ്ക് മാത്രമേ ഒരു യാത്രക്കാരന് വിമാന യാത്രയിൽ കൈയില്‍ കരുതാന്‍ അനുമതിയുള്ളൂ. യാത്രക്കിടെ വ്യക്തിഗത ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിമാനത്തിലെ പവര്‍ സപ്ലൈ ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യാനും അനുമതിയില്ല. ഉപകരണങ്ങളില്‍ അവയുടെ ശേഷി വ്യക്തമാക്കുന്ന ലേബല്‍ ഉണ്ടായിരിക്കണം.
പവര്‍ ബാങ്കുകള്‍ സീറ്റിന്റെ പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം. പവർ ബാങ്കുകൾ ഓവര്‍ഹെഡ് ബിന്നുകളില്‍ വെയ്ക്കാനും പാടില്ല. ചെക്ക് ഇന്‍ ചെയ്യുന്ന ലഗേജില്‍ പവര്‍ ബാങ്കുകള്‍ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. വിമാനത്തിലെ എല്ലാ സീറ്റുകളിലും ചാര്‍ജിങ് സൗകര്യം ലഭ്യമാണെന്ന് എമിറേറ്റ്‌സ് അറിയിച്ചു. എങ്കിലും പ്രത്യേകിച്ചും ദീര്‍ഘദൂര യാത്രക്കാര്‍ ബോര്‍ഡിങ്ങിന് മുന്‍പ് ഉപകരണങ്ങള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനാണ് എയര്‍ലൈന്‍സ് അറിയിക്കുന്നത്.
വിമാനയാത്രകളിൽ ലിഥിയം ബാറ്ററികള്‍ ഉള്‍പ്പെട്ട അപകട സംഭവങ്ങള്‍ വര്‍ദ്ധിച്ചതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് പവർബാങ്ക് നിരോധനത്തിലേക്കെത്തിയതെന്ന് എയര്‍ലൈന്‍ അധികൃതർ പറയുന്നു. ബാറ്ററി തകരാറോ തീപിടിത്തമോ ഉണ്ടാകുന്ന അപൂര്‍വ സാഹചര്യങ്ങളില്‍ ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്ന് എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കി.
Content Highlights: Emirates announces major change for passengers on all flights