രാജകീയം ഡെംബലെ; ബാലണ്‍ ദ ഓര്‍ പുരസ്‌കാരം ഫ്രഞ്ച് താരത്തിന്; യമാൽ രണ്ടാമത്

സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്കാരത്തിൽ മുത്തമിട്ടത്

രാജകീയം ഡെംബലെ; ബാലണ്‍ ദ ഓര്‍ പുരസ്‌കാരം ഫ്രഞ്ച് താരത്തിന്; യമാൽ രണ്ടാമത്
dot image

ഈ വർഷത്തെ ബാലണ്‍ ദ ഓര്‍ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്കാരത്തിൽ മുത്തമിട്ടത്.

വനിതകളിൽ കഴിഞ്ഞ വർഷത്തെ ജേതാവായ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റി തന്നെയാണ് ഇത്തവണത്തേയും ജേതാവ്. ആഴ്‌സണലിന്റെ സ്‌പെയ്ൻ താരം മരിയോന കാൽഡെൻ്റി രണ്ടാമതെത്തി.

ലയണൽ മെസ്സിക്കും നെയ്മറിനും എംബാപ്പെയ്ക്കും നേടിക്കൊടുക്കാൻ സാധിക്കാത്ത ചാമ്പ്യൻസ് ലീഗ് കിരീടവും പി എസ് ജി ക്ക് നേടികൊടുക്കാൻ സാധിച്ചു എന്നതാണ് ഡെംബലെയുടെ എക്സ്ട്രാ ഫാക്ടറായി മാറിയത്.

ആകെ മൊത്തം 53 മത്സരങ്ങളിൽ 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. ഇതോടപ്പം ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പ് എന്നിവയും നേടി. പി എസ് ജി മുന്നോട്ടുവെച്ച ഹൈ പ്രെസ്സിങ് ഗെയിമിന്റെ ആണിക്കല്ലും അദ്ദേഹമായിരുന്നു.

അതേ സമയം യമാൽ 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് നേടിയിരുന്നത്. ലാലീഗയും കോപ ഡെൽറേയും സ്പാനിഷ് സൂപ്പർ കപ്പും നേടിയ താരം ചാമ്പ്യൻസ് ലീഗ് സെമിയിലേക്കും ബാഴ്‌സലോണയെ മുന്നിൽ നിന്ന് നയിച്ചു. ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കാൻ ടീമിന് യോഗ്യതയില്ലാത്തത് തിരിച്ചടിയുമായി.

എങ്കിലും മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി 17 കാരനായ ലാമിൻ യമാൽ സ്വന്തമാക്കി. വനിതാ താരങ്ങളിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി ബാഴ്‍സലോണയുടെ 19 കാരിയായ സ്‌പെയ്ൻ താരം വിക്കി ലോപ്പസ് സ്വന്തമാക്കി.

മികച്ച കോച്ചിനുള്ള യൊഹാൻ ക്രൈഫ് ട്രോഫി പുരുഷ ഫുട്ബാളിൽ പി എസ് ജി പരിശീലകൻ ലൂയിസ് എൻ റിക്വയും വനിതാ ഫുട്‍ബോളിൽ ഇംഗ്ലണ്ട് പരിശീലക സറീന വിഗ്‌മാനും നേടി. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി പുരുഷന്മാരിൽ പി എസ് ജി യുടെ ഡോണറുമ്മയും വനിതകളിൽ ചെൽസിയുടെ ഹന ഹാംപ്ടണും നേടി.

ബെസ്റ്റ് സ്‌ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി ​പുരുഷന്മാരിൽ സ്പോർട്ടിങ് എഫ്സിയുടെ താരമായിരുന്ന വിക്ടർ യോക്കരസ് വനിതകളിൽ ബാഴ്‌സലോണയുടെ ഇവാ പയോറും നേടി. മികച്ച പുരുഷ ക്ലബ്ബായി പി എസ് ജിയെയും മികച്ച വനിതാ ക്ലബായി ആഴ്‌സണലിനെയും തിരഞ്ഞെടുത്തു.

Content Highlights: dembele won ballon d'or, lamine yamal on second; full list

dot image
To advertise here,contact us
dot image