
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലും പാകിസ്താനെ വീഴ്ത്തി ഇന്ത്യ. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.
𝗔 𝗰𝗹𝗶𝗻𝗶𝗰𝗮𝗹 𝘄𝗶𝗻 𝗶𝗻 𝘁𝗵𝗲 𝗯𝗮𝗴 𝗶𝗻 #𝗦𝘂𝗽𝗲𝗿𝟰! 🙌#TeamIndia continue their winning run in the #AsiaCup2025! 👏 👏
— BCCI (@BCCI) September 21, 2025
Scoreboard ▶️ https://t.co/CNzDX2HKll pic.twitter.com/mdQrfgFdRS
പവര്‍പ്ലേയില്‍ മാത്രം 69 റണ്‍സാണ് അഭിഷേക്-ഗില്‍ സഖ്യം അടിച്ചെടുത്തത്. എട്ടാം ഓവറില്‍ അര്‍ധസെഞ്ച്വറി തികച്ച അഭിഷേകിനൊപ്പം ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യ ഒമ്പതാം ഓവറില്‍ തന്നെ നൂറ് റണ്‍സ് പിന്നിട്ടു. പത്താം ഓവറില്‍ ഗില്ലിനെ ബൗള്‍ഡാക്കി ഫഹീം അഷ്റഫ് പാകിസ്താന് ബ്രേക്ക് ത്രൂ നല്‍കി. 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഡക്കായി മടങ്ങി.
ടീം സ്‌കോര്‍ 123-ല്‍ നില്‍ക്കേ അഭിഷേക് ശര്‍മയെ അബ്രാര്‍ അഹ്‌മദ് പുറത്താക്കി. 39 പന്തില്‍ 74 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. 13 റണ്‍സെടുത്ത സഞ്ജുവിനെ ഹാരിസ് റൗഫ് ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 19 പന്തില്‍ 30 റണ്‍സെടുത്ത് തിലക് വര്‍മയും ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത ഹാര്‍ദിക്കും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ നാല് നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്സാദ ഫര്‍ഹാന്‍ അര്‍ധസെഞ്ച്വറി നേടി. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.
Content Highlights: Asia Cup 2025 Super Four: Abhishek Sharma, Shubman Gill guide India to six-wicket win vs Pakistan