
ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പാകിസ്താനെതിരെയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ കച്ചക്കെട്ടുന്നത്. യുഎഇക്കെതിരെ അനായാസം വിജയിച്ച ഇന്ത്യൻ ടീം പാകിസ്താനെതിരെയും മാറ്റങ്ങളൊന്നുമില്ലാതെയാണ് എത്തുന്നത് എന്ന സൂചനകളുണ്ടായിരുന്നു.
ടീമിൽ ഒരു സ്‌പെഷ്യലിസ്റ്റ് പേസർ മാത്രമായിരുന്നു ആദ്യ മത്സരത്തിലുണ്ടായിരുന്നത്. ടി-20 ടീമിലെ പ്രധാന താരമായ അർഷ്ദീപ് സിങ്ങിന് ആദ്യ കളിയിൽ അവസരം ലഭിച്ചില്ല. എന്നാൽ രണ്ടാം കളിയിൽ അവനെ കളിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ രവിചന്ദ്രൻ അശ്വിൻ.
ഇന്ത്യയുടെ മികച്ച ടി-20 ബൗളറാണ് അർഷ്ദീപ് സിങ്ങെന്ന് അശ്വിൻ പറഞ്ഞു. 'പ്ലെയിങ് ഇലവനിൽ അർഷ്ദീപ് സിങ് ഒരു സ്ഥാനം അർഹിക്കുന്നുണ്ട്. ശുഭ്മാൻ ഗില്ലിനെ ഓപ്പണറായും സൂര്യകുമാർ യാദവിനെ നാലാം നമ്പറിലും, ജസ്പ്രീത് ബുംറയെ ഒര ബൗളറായും സ്ഥിരാമാക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയുടെ മികച്ച ടി-20 ബൗളറായ അർഷ്ദീപിനും ഒരു സ്ഥാനം കൊടുത്തുകൂട?
ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് കരിയറിൽ ഒരു ബൗൾ പോലും ചെയ്യാത്ത ബാറ്റർമാരാണ്. വർഷങ്ങളെടുത്താണ് ബൗളർമാർ ഈ കഴിവുണ്ടാക്കിയെടുക്കുന്നത്. അപ്പോൾ അവരെ നിരന്തരം പുറത്തിരുത്തുമ്പോൾ ആത്മവിശ്വാസം ഇല്ലാതെയാകുന്നു.
ഐപിഎല്ലിലും അന്തരാഷ്ട്ര മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന അർഷ്ദീപ് കരിയറിന്റെ മികച്ച ഫോമിലാണ്. അവന് നഷ്ടമാകുന്ന വർഷങ്ങൾ തിരിച്ചുലഭിക്കില്ല,' അശ്വിൻ പറഞ്ഞു. ബാറ്റല്ലെന്നുള്ള കാരണം കൊണ്ട് ഒരു കളിക്കാരെയും അനാവശ്യമായി പുറത്തിരുത്തരുതെന്നും കഴിവുണ്ടെങ്കിൽ കളിപ്പിക്കണമെന്നും അശ്വിൻ പറയുന്നു. ടി-20 ക്രിക്കറ്റിൽ ഒരു ബൗളറുടെ നാല് ഓവറിനും മത്സരം തീരുമാനിക്കാൻ സാധിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
Content Highlights- R Ashwin advices to play ARdheep Singh and Slams selection