
ദുലീപ് ട്രോഫി ഫൈനൽ ചിത്രമായി. രജത് പാട്ടിദാറിന്റെ സെൻട്രെൽ സോണും മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ സൗത്ത് സോണും തമ്മിലാണ് ഫൈനൽ പോരാട്ടം. സെപ്റ്റംബർ 11നാണ് ഫൈനൽ മത്സരം ആരംഭിക്കുക. ദുലീപ് ട്രോഫിയിലെ രണ്ട് സെമി ഫൈനൽ മത്സരങ്ങളും സമനിലയിൽ കലാശിച്ചു. നോർത്ത് സോണും സൗത്ത് സോണും തമ്മിലും വെസ്റ്റ് സോണും സെൻട്രെൽ സോണും തമ്മിലുമായിരുന്നു സെമി ഫൈനൽ മത്സരങ്ങൾ നടന്നത്.
നോർത്ത് സോണിനെതിരെ നേടിയ 175 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സൗത്ത് സോണിന് ഗുണമായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോൺ ഒന്നാം ഇന്നിങ്സിൽ 536 റൺസെടുത്തു. എൻ ജഗദീശൻ നേടിയ 197 റൺസാണ് സൗത്ത് സോൺ ഇന്നിങ്സിന് കരുത്തായത്.
ആദ്യ ഇന്നിങ്സ് മറുപടി പറഞ്ഞ നോർത്ത് സോണിന് 361 റൺസ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്സിൽ സൗത്ത് സോൺ ഒരു വിക്കറ്റിന് 95 റൺസെടുത്ത് നിൽക്കുമ്പോൾ ഇരുക്യാപ്റ്റന്മാരും മത്സരം സമനിലയിൽ പിരിയാൻ സമ്മതിക്കുകയായിരുന്നു.
വെസ്റ്റ് സോണിനെതിരെ 162 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയാണ് സെൻട്രെൽ സോൺ ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് സോൺ ഒന്നാം ഇന്നിങ്സിൽ 438 റൺസെടുത്തു. ആദ്യ ഇന്നിങ്സിൽ 600 റൺസാണ് സെൻട്രെൽ സോൺ നേടിയത്. രണ്ടാം ഇന്നിങ്സിൽ എട്ടിന് 216 എന്ന സ്കോറെടുത്ത് നിൽക്കുമ്പോൾ ഇരുക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
Content Highlights: Duleep Trophy 2025: South Zone, Central Zone qualify for final