സൂക്ഷിക്കാം… പ്രഭാതഭക്ഷണം കഴിച്ചില്ലേൽ പല്ലു പണിമുടക്കും!

ആരോഗ്യമുള്ള പല്ലുകൾ കാട്ടിയുള്ള ചിരി തരുന്ന കോൺഫിഡൻസ് ചെറുതല്ല അല്ലേ.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാൽ പല്ലിനാണ് എട്ടിന്റെ പണികിട്ടുക

dot image

ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ പല്ലുതേച്ച് വൃത്തിയായി വന്ന് വെള്ളം കുടിച്ച് ആരംഭിക്കുക. അല്ലാതെ കിടക്കപായിൽ നിന്നേ ചൂട് കാപ്പിയോ ചായയോ കുടിച്ച് ഒരു ദിവസം തുടങ്ങുന്നതേ നല്ല ശീലമല്ല.. ആർക്കും ഒന്നിനും സമയമില്ലതാനും എപ്പോഴും തിരക്കോട് തിരക്കുമാണ്. ഈ തിരക്കിനിടയിൽ അനാരോഗ്യകരമായ പല ശീലങ്ങളും ഒപ്പം കൂടുമെന്നതും ഓർക്കണം. തിരക്ക് മൂലം അല്ലെങ്കിൽ രാവിലെ ലേറ്റായി എഴുന്നേൽക്കുന്നത് മൂലം അതുമല്ലെങ്കിൽ വെറും മടി മൂലം നമ്മളിൽ ഭൂരിഭാഗം പേരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റ്. ഇത് ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെ ബാധിക്കുന്ന ശീലമാണെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്.

ആരോഗ്യമുള്ള പല്ലുകൾ കാട്ടിയുള്ള ചിരി തരുന്ന കോൺഫിഡൻസ് ചെറുതല്ല അല്ലേ.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാൽ പല്ലിനാണ് എട്ടിന്റെ പണികിട്ടുക. പല്ലിന് കേടുപാടുകൾ വരും. പുളിപ്പ് അനുഭവപ്പെടും… അതെങ്ങനെയാണെന്ന് പറഞ്ഞുതരാം. രാത്രി ഒരുറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോഴേ വയറ് കാലിയാണെന്ന് അറിയാമല്ലോ.. ബ്രേക്ക്ഫാസ്റ്റ് കൂടി കഴിച്ചില്ലെങ്കിൽ പിന്നെ സ്ഥിതി എന്തായിരിക്കും? വീണ്ടും വയറൊഴിഞ്ഞ് കിടക്കുന്ന അവസ്ഥ അല്ലേ… ഇത് ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ശീലമാണ്. വയറ്റിനുള്ളിൽ ഗ്യാസ്ട്രിക്ക് ആസിഡ് ഉത്പാദനം കൂടുന്നു. ഇത് പല തരം അസുഖങ്ങളിലേക്കാവാം നിങ്ങളെ തള്ളിവിടുന്നത്.

ഇനി പല്ലിന് എങ്ങനെ ഇത് മോശമാകുന്നു എന്ന് നോക്കാം. ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ചവയ്ക്കുക എന്ന പ്രക്രിയ ഇല്ലാതാവുന്നു. ഇതോടെ ഉമിനീർ ഉത്പാദനം സ്വാധീനിക്കപ്പെടുന്നു. ഉമിനീരെന്ന ലൂബ്രിക്കന്റ് ശരീരത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ചവയ്ക്കുക എന്ന പ്രക്രിയ നടക്കാതാകുന്നതോടെ ഉമിനീർ ഉത്പാദനവും കുറയും. ബൈകാർബണേറ്റുകളും എൻസൈമുകളും അടങ്ങിയ ഉമിനീർ ഇല്ലാതായാൽ, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് മൂലം ആമാശയത്തിൽ ഉണ്ടാകുന്ന അസിഡിറ്റി അധികരിക്കും. ഇത് ആമാശയത്തെ മാത്രമല്ല പല്ലിനെയും സാരമായി തന്നെ ബാധിക്കും.

അസിഡിറ്റി മൂലം വായിലെ ന്യൂട്രൽ പിഎച്ചിൽ മാറ്റം വരും. ഡീമിനറലൈസേഷനിലൂടെ പല്ലിന്റെ ഇനാമലിനെ അത് ബാധിക്കുന്നതോടെ പോട് ഉണ്ടാവുകയും പല്ലിന് പുളിപ്പ് വരികയും ചെയ്യും. അതിനാൽ പ്രഭാതഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കരുത്. ഒപ്പം ഒരു ദിവസം വെള്ളം കുടിച്ച് ആരംഭിക്കാനും മറക്കരുത്. അസിഡിറ്റി ഒഴിവാക്കാൻ ഈ ശീലങ്ങൾ ശീലമാക്കാം…
Content Highlights: Skipping breakfast leads to unhealthy teeth

dot image
To advertise here,contact us
dot image