ഏഷ്യ കപ്പ് യുഎഇയിൽ; ഇന്ത്യ-പാക് പോരാട്ടം സെപ്തംബർ 14 ന്; ഔദ്യോഗികമായി പ്രഖ്യാപിച്ചു

സെപ്റ്റംബർ 9 മുതൽ 28 വരെയാണ് മത്സരങ്ങൾ അരങ്ങേറുക.

dot image

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) സ്ഥിരീകരിച്ചു. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് മത്സരങ്ങൾ അരങ്ങേറുക.

ഏഷ്യാ കപ്പ് 2025-ന്റെ തീയതികൾ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയാണ് സ്ഥിരീകരിച്ചത്. യുഎഇയിൽ നടക്കുന്ന ഐസിസി പുരുഷ ഏഷ്യാ കപ്പ് 2025-ന്റെ തീയതികൾ സ്ഥിരീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദുബായിലെയും അബുദാബിയിലെയും സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക . അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഈ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക.

എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ഐസിസിയുടെ അഞ്ച് പൂർണ അംഗങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്ക് പുറമെ 2024ലെ ഐസിസി പ്രീമിയർ കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച യുഎഇ, ഒമാൻ, ഹോങ്കോങ് എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.

പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പരസ്പരം പോരാടും. ഗ്രൂപ്പ് എ യിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകളും അണിനിരയ്ക്കും.
സെപ്‌തംബർ 14 ന് ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം നടക്കും.

സെപ്തംബർ ഒമ്പതിന് തുടങ്ങുന്ന ഗ്രൂപ്പ് മത്സരങ്ങൾ സെപ്തംബർ 19 നാണ് അവസാനിക്കുക. സൂപ്പർ 4 മത്സരം സെപ്തംബർ 20 മുതൽ ആരംഭിച്ച് 26 വരെ നടക്കും. 28 ന് ഫൈനൽ നടക്കും.

2023-ലെ ഏഷ്യാ കപ്പ് കിരീടം നിലവിലെ ചാംപ്യന്മാരായ ഇന്ത്യയാണ് സ്വന്തമാക്കിയത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

dot image
To advertise here,contact us
dot image