
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടി. ലോക ഒന്നാം നമ്പർ ബൗളറായ ജസ്പ്രീത് ബുംറ കളിച്ചേൽക്കില്ല എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്. താരത്തിന് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ മെഡിക്കൽ ടീം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്.
ബുംറക്ക് പകരം രണ്ടാം ടെസ്റ്റിലിറങ്ങിയ ആകാശ് ദീപ് അവസാന ടെസ്റ്റിലും കളിച്ചേക്കും. രണ്ടാം ടെസ്റ്റിലെ വിജയത്തിന് ശേഷം പരിക്കേറ്റ് മടങ്ങിയ ആകാശ് ദീപ് പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്നെന്നാണ് റിപ്പോർട്ടുകൾ.
പരമ്പരക്ക് മുമ്പ് തന്നെ ബുംറ മൂന്ന് മത്സരം മാത്രമേ കളിക്കുകയുള്ളുവെന്ന് ബോർഡ് അറിയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ അഞ്ച് മത്സരം കളിച്ചതിന് പിന്നാലെ താരത്തിന് പരിക്കേൽക്കുകയും മാസങ്ങളോളം ക്രിക്കറ്റ് ഫീൽഡിൽ നിന്നും വിട്ടുനിൽക്കേണ്ടതായും ആവശ്യമുണ്ടായിരുന്നു.
ഓവലിലെ അവസാന ടെസ്റ്റിൽ വിജയം അനിവാര്യമായിരിക്കെ ബുംറ കളിക്കുമെന്ന വാർത്തകളുണ്ടായിരുന്നു എന്നാൽ ഓവലിലെ പിച്ചും ബുംറയുടെ ജോലിഭാരവും കണക്കിലെടുത്ത് അദ്ദേഹത്തെ പുറത്തിരുത്തും.
രണ്ടാം മത്സരത്തിൽ 10 വിക്കറ്റുമായി ഇന്ത്യയുടെ വിജയശിൽപികളിൽ ഒരാളായ ആകാശ് ദീപ് അവസാന ടെസ്റ്റിൽ തിരിച്ചെത്തും. കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അൻഷുൽ കംബോജിന് പകരം ഇന്ത്യക്കായ അർഷ്ദീപ് സിങ് അരങ്ങേറ്റം നടത്തിയേക്കും. മുഹമ്മദ് സിറാജ് അവസാന മത്സരത്തിലും കളിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം നാല് മത്സരം അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ പിറകിലാണ്. അവസാന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാം.
Content Highlights- Report says Bumrah will not play fifth test