
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ടീം സെലക്ഷനിൽ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. ടീം സിലക്‌ഷനിൽ ഗംഭീർ അനാവശ്യമായ പിടിവാശി കാണിക്കുന്നുവെന്നും തന്റെ ടീമിൽ ആര് കളിക്കണമെന്ന് തീരുമാനിക്കാൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കഴിയുന്നില്ല എന്നും ഗാവസ്‌കർ പറഞ്ഞു.
ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരം കളിക്കേണ്ടതു ക്യാപ്റ്റൻ ഗില്ലിന്റെ ടീമാണ്. പരിശീലകൻ ഗംഭീറിന്റേത് അല്ലെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
നാലാം ടെസ്റ്റിലും ചൈനാമാൻ ബോളർ കുൽദീപ് യാദവിനെ ഇന്ത്യ പുറത്തിരുത്തിയത് ചോദ്യം ചെയ്താണ് സുനിൽ ഗാവസ്കർ വിമർശനങ്ങൾക്ക് തുടക്കമിട്ടത്. നാലാം ടെസ്റ്റിൽ കുൽദീപിനെ കളിപ്പിക്കണമെന്ന് ശുഭ്മൻ ഗിൽ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് നടപ്പാക്കാൻ ക്യാപ്റ്റന് കഴിഞ്ഞില്ല. ഷാർദൂൽ താക്കൂറിനുവേണ്ടി ഗൗതം ഗംഭീർ നിർബന്ധം പിടിച്ചു, ടീമിൽ തീരുമാനങ്ങൾ എടുക്കാൻ ക്യാപ്റ്റനെ അനുവദിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ക്യാപ്റ്റൻ എന്നും ഗവാസ്കർ ചോദിച്ചു.
അതേസമയം ജൂലൈ 31 മുതല്‍ ഓവലിലാണ് ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരം. മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ സമനില നേടി പരമ്പരയിലെ സാധ്യത നിലനിര്‍ത്തിയതോടെ ഓവല്‍ ടെസ്റ്റ് ഇന്ത്യയ്ക്ക് അതിനിര്‍ണായകമാണ്.
Content Highlights: gavaskar slams gambhir in team selection , india vs eng