
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സെലക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പിതാവ് എം സുന്ദര്‍. ദേശീയ ടീമില്‍ തന്റെ മകന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചാണ് വാഷിങ്ടണിന്റെ അച്ഛന്‍ രംഗത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വാഷിങ്ടണ്‍ നിര്‍ണായക സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അച്ഛന്റെ പ്രതികരണം.
'വാഷിങ്ടണ്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിക്കാനും അഭിനന്ദിക്കാനും ആളുകള്‍ മനപൂര്‍വം മറക്കുകയും ഒഴിവാക്കുകയും ചെയ്യുകയാണ്. മറ്റുതാരങ്ങള്‍ക്ക് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്നു. എന്റെ മകന് മാത്രം അത് ലഭിക്കുന്നില്ല', എം സുന്ദര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Washington Sundar's father slams selectors:
— Ajay. (@Crycloverajay) July 28, 2025
🗣️ “He should get 5–10 games at No. 5. It was surprising he wasn’t picked for the first Test. Selectors need to notice his performances.”
📍 Interview: The Times of India pic.twitter.com/DCLwakknyc
'നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ചെയ്തതുപോലെ വാഷിംഗ്ടണ്‍ സ്ഥിരമായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണം. തുടര്‍ച്ചയായി അഞ്ച് മുതല്‍ പത്ത് വരെ അവസരങ്ങള്‍ നല്‍കുകയും വേണം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ എന്റെ മകനെ തിരഞ്ഞെടുത്തില്ല എന്നത് അതിശയകരമാണ്. സെലക്ടര്‍മാര്‍ അദ്ദേഹത്തിന്റെ പ്രകടനം നിരീക്ഷിക്കണം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുകയും 2021ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത വാഷിംഗ്ടണ്‍, വെറും 11 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നിരുന്നാലും, 44.86 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും 27.87 എന്ന ബൗളിംഗ് ശരാശരിയും അദ്ദേഹത്തിനുണ്ട്. 2021ല്‍ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞതിനെ കുറിച്ചും വാഷിങ്ടണിന്റെ അച്ഛന്‍ പറഞ്ഞു.
'ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും എന്റെ മകന്‍ പുറത്താകും. അത് ന്യായമല്ല. 2021ല്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ വാഷിംഗ്ടണ്‍ 85 റണ്‍സും അതേ വര്‍ഷം അഹമ്മദാബാദില്‍ നടന്ന അതേ എതിരാളിക്കെതിരെ 96* റണ്‍സും നേടി, അതും ബാറ്റിങ് പിച്ചില്‍' അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണിന്റെ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് അവസരം നല്‍കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഗുജറാത്ത് ടൈറ്റന്‍സ് അവന് പതിവായി അവസരങ്ങള്‍ നല്‍കുന്നില്ല. ഐപിഎല്‍ 2025 എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 24 പന്തില്‍ നിന്ന് 48 റണ്‍സ് നേടി അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. യശസ്വി ജയ്‌സ്വാളിന് രാജസ്ഥാന്‍ എങ്ങനെയാണ് പിന്തുണ നല്‍കിയതെന്ന് നോക്കൂ',വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍ കൂട്ടിചേര്‍ത്തു.
Content Highlights: 'My son doesn't get regular chances', Washington Sundar's father slams selection policy