


 
            ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും പേസ് ബൗളർ ജസ്പ്രീത് ബുംമ്രയെ കളിപ്പിക്കാൻ ടീം ഇന്ത്യ. അമിത ജോലിഭാരം ഒഴിവാക്കാൻ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ മാത്രമായി ബുംമ്രയെ കളിപ്പിക്കാനാണ് ഇന്ത്യൻ മാനേജ്മെന്റിന്റെ തീരുമാനം. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പൂർത്തിയായപ്പോൾ ബുംമ്ര ഇതിനോടകം രണ്ട് ടെസ്റ്റുകൾ കളിച്ചുകഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ജൂലൈ 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ആകാശ് ദീപ് കളിച്ചേക്കില്ലെന്നാണ് മറ്റൊരു റിപ്പോർട്ട്. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റതാണ് ആകാശ് ദീപ് നാലാം ടെസ്റ്റിൽ കളിക്കാതിരിക്കാൻ കാരണം. മറ്റൊരു പേസർ അർഷ്ദീപ് സിങ്ങും പരിക്കിന്റെ പിടിയിലുള്ളതിനാൽ ഹരിയാനയിൽ നിന്നുള്ള പേസർ അൻഷുൽ കംബോജിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.
Content Highlights: Jasprit Bumrah set to play fourth test, Akash Deep will be rested
 
                        
                        