രാഹുൽ സജീവമാകുന്നു?സഭയിലെത്തിയതിന് പിന്നാലെ പാലക്കാട്ടേക്കും,കെപിസിസി യോഗത്തിൽ നിന്ന് വിട്ട് നില്‍ക്കാന്‍ ഷാഫി

രാഹുല്‍ അടുത്ത ദിവസങ്ങളില്‍ നിയമസഭയില്‍ എത്തിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം

രാഹുൽ സജീവമാകുന്നു?സഭയിലെത്തിയതിന് പിന്നാലെ പാലക്കാട്ടേക്കും,കെപിസിസി യോഗത്തിൽ നിന്ന് വിട്ട് നില്‍ക്കാന്‍ ഷാഫി
dot image

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി ദീപാദാസ് മുന്‍ഷി നിഷേധിച്ചു. അതേസമയം രാഹുല്‍ അടുത്ത ദിവസങ്ങളില്‍ നിയമസഭയില്‍ എത്തിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് പോകുമെന്നാണ് സൂചന. സഭയില്‍ കയറാത്തയാള്‍ മണ്ഡലത്തില്‍ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് സഭയിലെത്തിയ രാഹുലിന് പ്രതിപക്ഷ നിരയില്‍ വന്ന കുറിപ്പും ചര്‍ച്ചയാകുന്നുണ്ട്. രാഹുലിന് ഒരു കുറിപ്പ് കിട്ടുകയും അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ സഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

അതേസമയം കെപിസിസി നേതൃയോഗത്തില്‍ നിന്ന് വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ വിട്ട് നില്‍ക്കുമെന്നാണ് വിവരം. മുന്‍ കെപിസിസി നേതാക്കളടക്കം പങ്കെടുക്കുന്ന ഭാരവാഹി യോഗത്തില്‍ നിന്നാണ് ഷാഫി വിട്ടുനില്‍ക്കുന്നത്. അതേ സമയം ഷാഫി തൃശൂരിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ്, എസ്‌ഐആര്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച സാഹചര്യം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍, വി ഡി സതീശനെതിരായ സൈബര്‍ ആക്രമണം, വയനാട് ഡിസിസിയിലെ പ്രശ്‌നം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നാണ് ഷാഫി വിട്ടുനില്‍ക്കുന്നത്. ഷാഫി രാഹുലിന് സംരക്ഷണം നല്‍കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ തീരുമാനം.

രാഹുല്‍ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് ഇന്ന് രാഹുല്‍ സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Rahul Mamkootathil will arrive Palakkad

dot image
To advertise here,contact us
dot image