
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ ടീമിന്റെ പോരാട്ട വീര്യത്തിൽ അഭിമാനം ഉണ്ടെന്നാണ് ഗില്ലിന്റെ പ്രതികരണം. മത്സരം ഇന്ത്യൻ ടീം വിജയിക്കുമെന്ന് കരുതിയിരുന്നതായും ഗിൽ പറഞ്ഞു.
'ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിൽ അഭിമാനമുണ്ട്. അഞ്ച് ദിവസവും അവസാന സെഷനും അവസാന വിക്കറ്റ് വീഴും വരെയും ഇന്ത്യ വിജയത്തിനായി പോരാടി. ഇന്ത്യൻ ടീം വിജയത്തിലേക്കെത്തുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ടീം മികച്ച രീതിയിൽ ബൗളിങ് നടത്തി. ടോപ് ഓഡറിൽ ഒരു 50 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യൻ താരങ്ങൾ നേടണമായിരുന്നു. പക്ഷേ അത്തരമൊരു കൂട്ടുകെട്ട് പിറന്നില്ല. ഇംഗ്ലണ്ട് ഇന്ത്യയേക്കാൾ നന്നായി കളിച്ചു. വലിയൊരു ലക്ഷ്യമായിരുന്നില്ല ഇന്ത്യൻ ടീമിന് മുന്നിലുണ്ടായിരുന്നത്. അതിനാൽ 50-60 റൺസിന്റെ ഒരു കൂട്ടുകെട്ട് വേണമായിരുന്നു,' ഗിൽ പറഞ്ഞു.
അവസാന നിമിഷം വരെ ഇന്ത്യൻ പോരാട്ടം നയിച്ച രവീന്ദ്ര ജഡേജയെ അഭിനന്ദിക്കാനും ഗിൽ മറന്നില്ല. 'ജഡേജ അനുഭവസമ്പത്തുള്ള താരമാണ്. ജഡേജയ്ക്ക് ഞാൻ എന്തെങ്കിലും നിർദ്ദേശം നൽകേണ്ട കാര്യമില്ല. വാലറ്റത്ത് മികച്ച പ്രകടനങ്ങൾ നടത്താൻ ജഡേജയ്ക്ക് സാധിക്കും. അതുകൊണ്ട് ബൗളർമാർക്കൊപ്പം ജഡേജ പരമാവധി റൺസ് കണ്ടെത്തണം. അതായിരുന്നു ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് വേണ്ടിയിരുന്നത്,' ഗിൽ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170.
Content Highlights: Shubman Gill is Extremely proud on India's performance in Lords