ഡേ നൈറ്റ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ താരം; ചരിത്രം കുറിച്ച് സ്കോട് ബോലണ്ട്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് ബോലണ്ട് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്

dot image

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ഓസ്ട്രേലിയൻ പേസർ സ്കോട് ബോലണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ബോലണ്ട് ഹാട്രിക് വിക്കറ്റ് നേട്ടം ആ​ഘോഷിച്ചിരുന്നു. ഇതോടൊപ്പം പകലും രാത്രിയുമായി നടന്നിട്ടുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ താരമായിരിക്കുകയാണ് സ്കോട് ബോലണ്ട്. രണ്ട് ഓവർ എറിഞ്ഞ ബോലണ്ട് ഒരു മെയ്ഡൻ ഓവർ അടക്കം രണ്ട് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് ബോലണ്ട് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. രണ്ട് ഓവർ മാത്രമാണ് ബോലണ്ടിന് പന്തെറിയേണ്ടി വന്നത്. ആദ്യ ഓവറിൽ താരം രണ്ട് റൺസ് വിട്ടുകൊടുത്തു. രണ്ടാം ഓവറിലാണ് ഹാട്രിക് വിക്കറ്റ് നേട്ടവും മെയ്ഡൻ ഓവറും ബോലണ്ട് എറിഞ്ഞത്.

ഓവറിലെ ആദ്യ പന്തിൽ ജസ്റ്റിൻ ​ഗ്രീവ്സിനെ പുറത്താക്കിയാണ് ബോലണ്ട് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 11 റൺ‌സെടുത്ത ജസ്റ്റിൻ ​ഗ്രീവ്സിനെ ബോലണ്ടിന്റെ ബൗളിങ്ങിൽ സ്ലിപ്പിൽ ബ്യൂ വെബ്സ്റ്റർ പിടികൂടി. തൊട്ടടുത്ത പന്തിൽ ബോലണ്ട് ഷമർ ജോസഫിനെ വിക്കറ്റിന് മുന്നിൽ‌ കുരുക്കി. ജോമൽ വരികാനെ ക്ലീൻ ബൗൾഡാക്കിയാണ് ബോലണ്ട് ഹാട്രിക് നേട്ടം ആഘോഷിച്ചത്.

വിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 176 റൺസിനാണ് മൂന്നാം ടെസ്റ്റിൽ ഓസീസ് സംഘം വിജയിച്ചത്. മൂന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയ വിജയിച്ചു. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 225, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 143. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 121, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 27.

Content Highlights: Scott Boland creates history, becomes first bowler ever to pick up hat-trick in day-night Tests

dot image
To advertise here,contact us
dot image