
ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇടതുകൈയ്യിലെ ഒരു വിരലിന് പരിക്കേറ്റ സ്പിന്നർ ഷുഹൈബ് ബഷീറിനെ ഒഴിവാക്കിയാണ് ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബഷീറിന് പകരക്കാരനായി 35കാരനായ ലിയാം ഡോസണിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. ഇടംകയ്യൻ സ്പിന്നറാണ് ഡോസൺ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡോസണിന് അനുഭവസമ്പത്ത് കുറവായതാണ് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയാകുന്നത്. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ടിലും ഇംഗ്ലണ്ട് ഒന്നിലും വിജയിച്ചു.
കുറച്ചുകാലമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിർണായക സാന്നിധ്യമാണ് ഷുഹൈബ് ബഷീർ. ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ബഷീർ ഇതുവരെ 10 വിക്കറ്റുകൾ വീഴ്ത്തികഴിഞ്ഞു. ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് വീഴ്ത്തി ബഷീറാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഈ ആഴ്ച തന്നെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജൊഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക്ക് ക്രൗളി, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടങ്, ക്രിസ് വോക്സ്.
Content Highlights: England replaces injured Shoaib Bashir with Liam Dawson